auto-rikshaw
Auto Rickshaw

 സന്തോഷിക്കേണ്ട, നഗരമെന്നാൽ പഴയ മുനിസിപ്പൽ മേഖല മാത്രം

 നഗരസഭയോട് കൂട്ടിച്ചേർത്ത പഴയ പഞ്ചായത്തുകളിൽ നിരക്കുയരും

കൊല്ലം: വർഷങ്ങൾ നീണ്ട ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ നഗരത്തിൽ ഇന്ന് മുതൽ ഓട്ടോറിക്ഷാ യാത്രകൾക്ക് മീറ്റർ ചാർജ് നിർബന്ധമാക്കും. പക്ഷേ ആദ്യഘട്ടത്തിൽ പഴയ മുനിസിപ്പൽ മേഖലയിൽ മാത്രമാണ് യാത്രകൾക്ക് മീറ്റർ ചാർജ് ബാധകമാകുന്നത്. കോർപ്പറേഷനിലേക്ക് പിന്നീട് കൂട്ടിച്ചേർത്ത പഞ്ചായത്ത് പരിധികളിൽ യാത്രകൾക്ക് മീറ്റർ ചാജിനേക്കാൾ കൂടുതൽ തുക നൽകണം.

വിവിധ തൊഴിലാളി യൂണിയനുകളുമായി മേയർ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. നഗരസഭാ പരിധിയിലാകെ മീറ്റർ ചാർജ് നിർബന്ധമാക്കണമെന്നായിരുന്നു മേയറുടെ നിർദ്ദേശമെങ്കിലും യൂണിയൻ നേതാക്കളുടെ കൂട്ടായ ആവശ്യം ഒടുവിൽ അംഗീകരിക്കേണ്ടി വരികയായിരുന്നു. ഒരു മാസത്തിന് ശേഷം വീണ്ടും യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുനരാലോചന നടത്താനാണ് തീരുമാനം.

 മീറ്റർ ചാർജും അധിക നിരക്കും; യാത്രക്കാർ വലയും

പഴയ മുനിസിപ്പൽ മേഖലയിലെ എല്ലാ യാത്രകൾക്കും മീറ്റർ നിരക്ക് മാത്രം നൽകിയാൽ മതി. പക്ഷേ പിന്നീട് നഗരസഭയോട് കൂട്ടി ചേർത്ത പഞ്ചായത്തുകളിലേക്ക് കടക്കുമ്പോൾ നിരക്ക് വർധനവുണ്ടാകും. ഇത്തരം പ്രദേശങ്ങളിൽ മീറ്റർ നിരക്കിൽ നിന്ന് മിനിമം ചാർജായ 25 രൂപ കുറച്ച ശേഷം ബാക്കി തുകയുടെ 50 ശതമാനം കൂടി മീറ്റർ നിരക്കിനൊപ്പം ഈടാക്കാം. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുമെന്നതിനാൽ മീറ്റർ നിർബന്ധമാക്കിയതിന്റെ ഗുണം ലഭിക്കാൻ ഇടയില്ലെന്ന വിമർശനം ശക്തമാണ്.

അതായത് നഗരസഭയോട് പിന്നീട് കൂട്ടി ചേർത്ത തൃക്കടവൂരിലേക്ക് പോകുമ്പോൾ മീറ്ററിൽ 200 രൂപ രേഖപ്പെടുത്തിയാൽ ആദ്യം അതിൽ നിന്ന് മിനിമം കൂലിയായ 25 രൂപ കുറയ്‌ക്കും. ശേഷിക്കുന്ന 175 രൂപയോടൊപ്പം ഇതിന്റെ 50 ശതമാനമായ 87.5 രൂപ കൂടി ചേർത്ത് 262.5 രൂപ ഈടാക്കും. മീറ്റർ നിരക്ക് 200 ആണെങ്കിലും ഫലത്തിൽ യാത്രക്കാരൻ 262.5 രൂപ നൽകണം.

മറ്റ് പ്രധാന തീരുമാനങ്ങൾ

 നഗരത്തിലെ അനധികൃത സ്റ്റാൻഡുകൾക്കെതിരെ നടപടി വരും.

 സിറ്റി പെർമിറ്റുള്ള ഓട്ടോകൾക്ക് നഗരത്തിലെ ഏത് സ്റ്റാൻഡിൽ നിന്നും യാത്ര നടത്താം.

 പഞ്ചായത്ത് പ്രദേശങ്ങളിലെ ഓട്ടോറിക്ഷകൾ നഗരത്തിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ല.

 സിറ്റി പെർമിറ്റുള്ള ഓട്ടോകളിലെ മീറ്റർ സീൽ ചെയ്യാൻ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും