കൊല്ലം: കൊല്ലം ബൈപാസിലെ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാൻ സത്വരനടപടി സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലത്ത് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
സർവീസ് റോഡോടുകൂടിയ നാലുവരി പാതയായി കൊല്ലം ബൈപാസ് വികസിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിൽ ഉന്നയിച്ചിട്ടുണ്ട്. ബൈപാസ് ഉൾപ്പെടെയുള്ള ദേശീയപാത 66ന്റെ വികസന പദ്ധതി ദേശീയപാത മന്ത്രാലയത്തിന്റെ നിർവഹണ സമിതി ഏറ്റെടുത്തിട്ടുള്ളതായി കേന്ദ്രമന്ത്രി അറിയിച്ചു. വികസനം ത്വരിതപ്പെടുത്തുന്നതോടൊപ്പം അപകടം ഒഴിവാക്കുന്നതിന് മുൻഗണന നൽകും. ബൈപാസ് നിർമ്മാണത്തിന്റെ നിർവഹണ ചുമതലയും മേൽനോട്ടവും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ്. ദേശീയപാതയിലെ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതി കേന്ദ്ര ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിനായി സംസ്ഥാന സർക്കാർ സമർപ്പിക്കണം. 2019 ഫെബ്രുവരി ഒന്നിന് മുമ്പ് തെരുവ് വിളക്കുകളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപ്പാക്കിയിട്ടില്ല. അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ സത്വരമായി പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
സ്വീകരണ പരിപാടി ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.ആർ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുഴിയം ശ്രീകുമാർ, പ്രസാദ് നാണപ്പൻ, കുരീപ്പുഴ മോഹനൻ, അജിത് അനന്തകൃഷ്ണൻ, ബൈജു മോഹൻ, സായി ഭാസ്കർ, പ്രശാന്ത്, എം.എസ്. ഗോപകുമാർ, എം.എ. റഷീദ്, മോഹൻബാബു, സത്താർ, ഉല്ലാസ് എന്നിവർ പങ്കെടുത്തു. കൺവീനർ ആർ. സുനിൽ സ്വാഗതം പറഞ്ഞു. കോട്ടയത്തുകടവിൽ ആരംഭിച്ച സ്വീകരണം അഷ്ടമുടിമുക്കിൽ സമാപിച്ചു.