പുനലൂർ: മോദി തീർത്ത ഹിന്ദുത്വ തടവറയിൽ അകപ്പെട്ടിരിക്കുകയാണ് വടക്കേ ഇന്ത്യയിൽ കോൺഗ്രസെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ ക്യാമ്പ് പുനലൂർ ഉറുകുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ചിലയിടങ്ങളിൽ സംശയകരമായ തിരഞ്ഞെടുപ്പ് പ്രവർത്തനം നടക്കുകയുണ്ടായി. അതിലൊന്ന് മധ്യപ്രദേശിലെ പ്രജ്ഞാസിംഗ് ഠാക്കൂർ മത്സരിച്ച മണ്ഡലമാണ്. അവിടെ അവരെ എതിർത്തത് കോൺഗ്രസ് നേതാവായ ദിഗ് വിജയ് സിംഗ് ആയിരുന്നു. കടുത്ത വർഗീയത പ്രചരിപ്പിച്ച ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി പറഞ്ഞത് എന്റെ വീട്ടിൽ ഏഴ് ക്ഷേത്രങ്ങൾ ഉണ്ടെന്നാണ്. ബി.ജെ.പിയുടെ തീവ്ര വർഗീയ നിലപാടുകളെ നേരിടാൻ മൃദു ഹിന്ദുത്വം കൊണ്ട് ആവില്ലെന്ന് കോൺഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണമെന്നും മുല്ലക്കര പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ സി. അജയപ്രസാദ് സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം സി.പി.പ്രദീപ്, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.സലിം, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, കെ. രാധാകൃഷ്ണൻ, സന്ദീപ് അർക്കന്നൂർ, സുരാജ്. എസ് പിള്ള, ജോബോയ് പെരേര എന്നിവർ സംസാരിച്ചു.