kulakkada-1
കുളക്കട പവിത്രേശ്വരം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പെരുംകുളത്ത് സ്ഥാപിച്ച ശുദ്ധീകരണ പ്ളാന്റ്

കുളക്കട പഞ്ചായത്തിൽ ജലക്ഷാമം തുടരുന്നു

ചെറുകിട പദ്ധതികളെയും അവഗണിച്ചു

കൊട്ടാരക്കര: മഴ പെയ്തും തോർന്നും നിൽക്കുമ്പോഴും കുളക്കട പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം തുടർക്കഥ. കുളക്കട- പവിത്രേശ്വരം കുടിവെള്ള പദ്ധതിയിൽ പ്രതീക്ഷ അർപ്പിച്ചതിനാൽ ചെറുകിട കുടിവെള്ള പദ്ധതികൾക്ക് ഇവിടെ പ്രാധാന്യം കൊടുത്തിരുന്നില്ല. 2013ൽ ഒന്നാം ഘട്ടവും തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ രണ്ടാം ഘട്ടവും ഉദ്ഘാടനം ചെയ്ത് ഈ ബൃഹത് കുടിവെള്ള പദ്ധതി നാടിന്റെ ദാഹമകറ്റുമെന്ന് ജനപ്രതിനിധികൾക്കും നാട്ടുകാർക്കും വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇതെല്ലാം തകിടം മറിഞ്ഞു.

പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് കോടികൾ പദ്ധതിക്കായി മാറ്റി വച്ചതാണ്. കിണറും പമ്പ് ഹൗസും ശുദ്ധീകരണ പ്ളാന്റും നിർമ്മിക്കാൻ ഭൂമി കണ്ടെത്തിയത് ഉൾപ്പെടെ വലിയ ബാദ്ധ്യതകൾ പഞ്ചായത്തിനുണ്ടായിരുന്നു. എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കുമെന്ന ഉറപ്പിലാണ് വേണ്ടതെല്ലാം പഞ്ചായത്ത് മുൻകൈയെടുത്ത് ചെയ്തുകൊടുത്തത്. എന്നാൽ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തപ്പോൾ ഒട്ടും തന്നെ വെള്ളം ലഭിച്ചില്ല. പ്രതിഷേധത്തെ തുടർന്ന് ചില ഭാഗങ്ങളിൽ പിന്നീട് കുറച്ച് വെള്ളം കിട്ടി. ബാക്കിയുള്ള ഭാഗങ്ങളിൽ കാര്യങ്ങൾ പഴയപടിയാണ്. ചെറുകിട പദ്ധതികൾ വേണ്ടെന്ന പഞ്ചായത്തിന്റെ തീരുമാനം പുനഃപരിശോധിച്ച് തുടങ്ങിയത് അങ്ങിനെയാണ്.

മലപ്പാറയും കൊല്ലാമലയും ദാഹിച്ചു വലയുന്നു

കല്ലടയാറിന്റെ തീരത്താണ് കുളക്കട പഞ്ചായത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും ആറ്റുതീരത്തെ കിണറുകളിൽപ്പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. മലപ്പാറ, കൊല്ലാമല ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ജലക്ഷാമമുള്ളത്. ഇവിടെ മിക്ക വീടുകളിലെയും കിണറുകളിൽ തുള്ളിവെള്ളമില്ലാത്ത സ്ഥിതിയാണ്. വേനൽ കടുത്തപ്പോൾ പഞ്ചായത്ത് മുൻകൈയെടുത്ത് പ്രദേശത്ത് വെള്ളം എത്തിച്ച് നൽകിയിരുന്നു. മഴ പെയ്തതോടെ ഇത് നിലച്ചു. ഇപ്പോൾ പ്രദേശവാസികൾ തലച്ചുമടായി വെള്ളം കൊണ്ടുവരികയാണ്. വളർത്ത് മൃഗങ്ങളെ കുളിപ്പിക്കാനും മറ്റും തീരെ കഴിയുന്നില്ലെന്ന് കർഷകരും പരാതിപ്പെടുന്നു. സി.എസ്.ഐ പള്ളിക്ക് കിഴക്ക് ഭാഗത്ത് വെള്ളമില്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധിച്ച് തുടങ്ങിയിട്ടുണ്ട്.

ചെറുകിട പദ്ധതികൾ

പുത്തൂർമുക്ക് കോളനി മേഖലകളിൽ പട്ടികജാതി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ മുടക്കി പൈപ്പ് ലൈൻ സ്ഥാപിച്ചു. ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായി പാത്തല വാർഡിലും പുതിയ കുടിവെള്ള പദ്ധതി ആകുന്നുണ്ട്. അടുത്ത വാർഷിക പദ്ധതിയിലും കുടിവെള്ളത്തിന് മുൻതൂക്കം നൽകാനാണ് തീരുമാനം.

ഇനിയും എത്ര നാൾ കാത്തിരിക്കണം

കുളക്കട- പവിത്രേശ്വരം കുടിവെള്ള പദ്ധതി പൂർണ്ണതോതിൽ കമ്മിഷൻ ചെയ്താൽ കുളക്കട പഞ്ചായത്തിന്റെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും. പവിത്രേശ്വരം പഞ്ചായത്തിലും ഇത് വലിയ ഗുണം ചെയ്യും. ഓരോ വേനൽക്കാലത്തും വലിയ തോതിൽ ജലക്ഷാമം നേരിടുന്ന കുളക്കട പഞ്ചായത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടുന്ന തുക കണ്ടെത്താൻ ജനപ്രതിനിധികൾ മനസുവയ്ക്കണം.

ടി. സുനിൽകുമാർ, എ.ഐ.വൈ.എഫ് മുൻ ജില്ലാ പ്രസിഡന്റ്