കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്നും സ്വപ്ന വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ രാജി ഷിബുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അടച്ചുറപ്പുള്ള വീട് രാജിയുടെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു. പക്ഷെ, അടുത്തകാലത്തെങ്ങും ആ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് രാജി കരുതിയിരുന്നില്ല. പക്ഷെ, ഇന്നലെ ആ സ്വപ്നം സഫലമായി.
പലക കൊണ്ടുള്ള വീട്ടിലായിരുന്നു രാജിയും ഭർത്താവ് ഷിബുവും മൂന്ന് മക്കളും താമസിച്ചിരുന്നത്. ചെറു കാറ്റടിക്കുമ്പോൾ തന്നെ വീട് ഉലയും. മഴ പെയ്യുമ്പോൾ ചോർന്നൊലിച്ച് കുട്ടികളുടെ പാഠപുസ്തകങ്ങൾ കുതിരും. രാജിയ്ക്കും ഷിബുവിനും ഇതെല്ലാം കണ്ണീരോടെ കണ്ടിരിക്കാനേ കഴിഞ്ഞുള്ളു. കൂലിപ്പണിക്കാരനായ ഷിബുവിന് കിട്ടുന്ന വരുമാനത്തിൽ ചെറിയ തുകയെടുത്ത് വീടിന്റെ മിനുക്ക് പണി നടത്തുകയാണ് പതിവ്. തൊട്ടടുത്ത മഴക്കാലത്ത് അതെല്ലാം കാറ്റെടുത്ത് പോകുമായിരുന്നു.
ഈ ദയനീയാവസ്ഥ നേരിൽക്കാണാറുള്ള വാളത്തുംഗൽ 589-ാം നമ്പർ ശാഖ പ്രവർത്തകർ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി രാജിയുടെ സ്വപ്നം സഫലമാക്കുകയായിരുന്നു. നാല് ലക്ഷം രൂപയിൽ വീട് വയ്ക്കാനായിരുന്നു ശാഖയുടെയും യൂണിയന്റെയും തീരുമാനം. പക്ഷെ, പൂർത്തിയായപ്പോൾ അഞ്ചരലക്ഷം രൂപയിലധികമായി. ഇതിൽ ഒരു ലക്ഷം രൂപ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകി. ശേഷിക്കുന്ന തുക എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനും ശാഖാ പ്രവർത്തകരും ചേർന്ന് വഹിക്കുകയായിരുന്നു.