കൊല്ലം: പ്രൗഡ ഗംഭീരമായ ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്‌ട് 3211ന്റെ ഗവർണറായി ശിരീഷ് കേശവൻ ചുമതലയേറ്റു.
കൊല്ലം തട്ടാമല ലാലാസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുൻ ഗവർണർ ഇ.കെ. ലൂക്കിൽ നിന്നാണ് സ്ഥാനമേറ്റെടുത്തത്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ മുഖ്യ അതിഥിയായിരുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ വി.രാജേന്ദ്രബാബു, റോട്ടറി ചീഫ് അഡ്വൈസർ പ്രൊഫ.കെ. ഉദയകുമാർ, ഡിസ്ട്രിക്ട് ട്രെയിനർ ഡോ. ജോൺ ഡാനിയൽ,വൈസ് ഗവർണർ കെ.എസ്. ശശികുമാർ, ഡിസ്ട്രിക്ട് അസംബ്ലി ചെയർമാൻ ഡോ.ടീന ആന്റണി,സെക്രട്ടറി ജനറൽ അലക്‌സ് തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
1996 ൽ റോട്ടറി ക്ലബ്ബ് ഒഫ് ക്വയിലോണിലൂടെയാണ് ശിരീഷ് കേശവൻ റോട്ടറി പ്രസ്ഥാനത്തിലേക്ക് വന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ. പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211നെ രാജ്യത്തെ ഏറ്റവും കൂടുതൽ റോട്ടറി അംഗങ്ങളുള്ള ഡിസ്ട്രിക്ട് ആക്കി മാറ്റുക, പട്ടിണി മാറ്റാൻ പത്ത് കോടിയോളം രൂപ റോട്ടറി ഫൗണ്ടേഷനായി ശേഖരിക്കുക, ശുചിത്വ റോട്ടറി ലക്ഷ്യമിട്ട് `റീച്ച് ` (റോട്ടറി എംപവേഡ് ആക്ഷൻ ഫോർ ക്ളീൻലിനസ് ആന്റ് ഹൈജീൻ) എന്ന പദ്ധതി റോട്ടറി ഡിസ്ട്രിക്ടിൽ നടപ്പാക്കുക തുടങ്ങിയവയാണ് 2019-20 കാലയളവിൽ പ്രധാനമായും ഗവർണർ ശിരീഷ് കേശവന്റെ നേതൃത്വത്തിൽ ലക്ഷ്യമിടുന്നത്. റോട്ടറിയുടെ പ്രവർത്തന മേഖലയായ അഞ്ച് റവന്യു ഡിസ്ട്രിക്ടിലുള്ള തിരഞ്ഞെടുക്കപ്പെടുന്ന 200 തദ്ദേശ സ്വയംഭരണ വാർഡുകളെ പൂർണമായും മാലിന്യ മുക്തമാക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുക,ഏറ്റെടുക്കുന്ന വാർഡുകളെ വരുന്ന ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ വിമുക്ത വാർഡുകളായി പ്രഖ്യാപിക്കുക, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ വാർഡുകളിലെ എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ഉപകരണങ്ങൾ നൽകുക തുടങ്ങിയവും ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ്.