ചാലക്കുടി: ലോക പുകയില ദിനാചരണത്തിന്റെ ഭാഗമായി മേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം സർവേ നടത്തി. നാലാം വാർഡിലെ ലക്ഷം വീട് കോളനിയിൽ നടന്ന സർവേയിൽ 16 പേർ സ്ഥിരമായി പുകയില ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവർക്കായി പിന്നീട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നാലുപേർ പൂർണ്ണമായും പുകയില ഉപേക്ഷിക്കുന്നുവെന്ന് പ്രതിജ്ഞയെടുത്തു.
പഞ്ചായത്ത് അംഗം ഷിജി വികാസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. കുഞ്ഞിരാമൻ, കെ.എം. മഞ്ജേഷ്, കെ.എൽ. പത്മകുമാർ എന്നിവർ പ്രസംഗിച്ചു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് പി. പ്രിയ സർവേക്ക് നേതൃത്വം നൽകി.
ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്‌സ് മഴക്കാല ശുചീകരണം നടത്തി. പെയ്ത്തു വെള്ളം ഭൂമിയിലേക്ക് ഇറക്കാനായി മഴക്കുഴികളും നിർമിച്ചു. പ്രിൻസിപ്പൽ വി.എ. ശശികല പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. മധുസൂദനൻ അദ്ധ്യക്ഷനായി.
വളണ്ടിയേഴ്‌സ് സമീപ പ്രദേശത്തെ സർക്കാർ ഓഫീസുകളിലും വീടുകളിലുമാണ് മഴ കുഴികൾ നിർമ്മിച്ചത്. പ്രോഗ്രാം ഓഫീസർ വിനു തോമസ്, അസിസ്റ്റന്റ് പ്രാഗ്രാം ഓഫീസർ ജിഷ പി. നമ്പൂതിരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.