കയ്പ്പമംഗലം : സി.പി.എം ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്പുണത്ത് രജീഷ് എന്ന മുപ്പത്തിയഞ്ചുകാരന് നിർമ്മിച്ച് കൊടുക്കുന്ന വീടിന്റെ തറക്കല്ലിടൽ സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് നിർവഹിച്ചു. ഒമ്പത് വർഷം മുമ്പ് കാറിൽ കണ്ടെയ്‌നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായ ക്ഷതം സംഭവിച്ച് സംസാരശേഷിയും ഓർമ്മശക്തിയും നഷ്ടപ്പെട്ട് രണ്ടര വർഷത്തോളം കോയമ്പത്തൂർ കോവൈ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രജീഷ്.
ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവും, ബാദ്ധ്യതകളും വന്ന രജീഷ്, കുടുംബത്തിന് ചികിത്സയ്ക്കും ഭക്ഷണത്തിനും വളരെ ബുദ്ധിമുട്ടിലായിരുന്നു. ഇതിനായി വി.കെ. ജ്യോതിപ്രകാശ് കൺവീനറും ഷീന വിശ്വൻ ചെയർമാനും എം.കെ ഫൽഗുണൻ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ച് ഇടിഞ്ഞു വീഴാറായ കുടുംബവീടിന് സമീപം രജീഷിന്റെ പേരിൽ മൂന്ന് സെന്റ് സ്ഥലത്താണ് 600 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള പുതിയ വീട് പണിയുവാൻ ലോക്കൽ കമ്മിറ്റി തീരുമാനിച്ചത്. അഡ്വ. വി.കെ ജ്യോതിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഷീന വിശ്വൻ, എം.കെ. ഫൽഗുണൻ, ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി.കെ ഇബ്രാഹിംകുട്ടി മാസ്റ്റർ, ടി.എൻ. അജയകുമാർ മാസ്റ്റർ, ടി.എം. വിശ്വംഭരൻ, പി.ആർ.ശ്യാം തുടങ്ങിയവർ സംസാരിച്ചു.