നെല്ലായി: പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണ കാര്യത്തിൽ കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യം. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാ പ്രളയത്തിൽ പൂർണമായും തകർന്ന പല വീടുകളുടെയും പുനർനിർമാണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് നിർമാണ അനുമതി ലഭിച്ചിട്ടില്ല.

കെട്ടിടനിർമാണചട്ടപ്രകാരം പുതുതായി നിർമ്മിക്കുന്ന വീടിന്റെ വശങ്ങളിൽ നിശ്ചിത അളവിൽ സ്ഥലം വിടേണ്ടതുണ്ട്. പ്രളയത്തിൽ തകർന്ന വീടുകളിൽ ഭൂരിഭാഗവും നിർദ്ധനരുടേതാണ്. ഇവർക്ക് പലർക്കും രണ്ടും മൂന്നും സെന്റ് ഭൂമി മാത്രമാണുള്ളത്. സ്ഥലപരിമിധി കാരണമാണ് പ്രളയദുരിതബാധിതരായവർക്ക് ചട്ടപ്രകാരം വശങ്ങളിൽ സ്ഥലം വിടാൻ സാധിക്കാത്തത്.

വ്യവസ്ഥകൾ പാലിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പെർമിറ്റ് നേടാൻ കുറച്ച് സ്ഥലം മാത്രമുള്ള പ്രളയബാധിതർക്ക് കഴിയുന്നില്ല. എന്നാൽ ഇതേ സ്ഥലത്ത് നിലനിന്നിരുന്ന പഴയ കെട്ടിടനമ്പറിലുള്ള വീടുകളാണ് പ്രളയത്തിൽ തകർന്നത്. പ്രളയത്തിന് മുൻപ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ വിസ്തൃതിയിൽ തന്നെ പുതുതായി നിർമ്മിക്കാൻ കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം.

500 ചതുരശ്ര അടി വരെയുള്ള വീടുകൾ പുനർനിർമിക്കാൻ ചട്ടങ്ങളിൽ ഇളവ് അനുവദിച്ചാൽ നിരവധി പ്രളയബാധിതർക്ക് സഹായകരമാകും. പുതിയ വീട് നിർമിക്കാൻ സർക്കാർ നൽകുന്ന ആദ്യഗഡു ധനസഹായം ലഭിച്ചിട്ടും പെർമിറ്റ് ഇല്ലാത്തതിനാൽ പലർക്കും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടാം ഗഡു മുതൽ സഹായധനം ലഭിക്കണമെങ്കിൽ പെർമിറ്റ് നിർബന്ധമാണ്. അതിനാൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാൻ കെട്ടിടനിർമാണചട്ടങ്ങളിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.

ചട്ടങ്ങളിൽ ഇളവ് വേണം

വീട് നിർമ്മിക്കുമ്പോൾ പ്രധാന റോഡുകളുടെ വശങ്ങളിൽ 3 മീറ്ററും ദേശീയപാതയുടെ വശങ്ങളിൽ ആറ് മീറ്ററും സ്ഥലം വിടണമെന്നാണ് ചട്ടം. എന്നാൽ പ്രളയത്തിന് ഇരയായ സാധാരണക്കാർ വീട് വയ്ക്കുമ്പോൾ ഈ ചട്ടങ്ങൾ വിനയാകുന്നു. ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകിയിട്ടുണ്ട്.

​-കെ.എസ്. ജോൺസൻ, വാർഡ് അംഗം (പറപ്പൂക്കര പഞ്ചായത്ത്)