road

തൃശൂർ: പതിറ്റാണ്ടുകളായി കുരുക്കിൽപ്പെട്ട് കിടക്കുന്ന പട്ടാളം റോഡ് വികസനത്തിന് പ്രധാന തടസമായിരുന്ന പോസ്റ്റ് ഓഫീസ് പൊളിക്കാൻ തീരുമാനമായി. ജൂൺ പത്തിനകം പോസ്റ്റ് ഓഫീസ് പൊളിക്കുമെന്ന് മേയർ അജിതാ വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എകദേശം 40 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷമാണ് കുപ്പിക്കഴുത്ത് പൊട്ടിക്കൽ യാഥാർത്ഥ്യമാകുന്നത്. ജൂൺ 4,5 തിയതികളിൽ സ്പീഡ് പോസ്റ്റ് ഓഫീസ് മൊത്ത വ്യാപാര സഹകരണ സംഘം കെട്ടിടത്തിലേക്ക് മാറ്റും.

കെട്ടിടം സ്ഥിതി ചെയ്യുന്ന 16.5 സെന്റ് ഭൂമി തൃശൂർ കോർപറേഷനു കൈമാറി. കോർപറേഷൻ പോസ്റ്റ് ഓഫീസിനായി അത്രയും സ്ഥലം തന്നെ രജിസ്റ്റർ ചെയ്തു കൈമാറുകയും ചെയ്തു. പോസ്‌റ്റ് ഓഫീസിനു പ്രവർത്തിക്കാൻ പട്ടാളം റോഡിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ കോർപറേഷൻ രജിസ്റ്റർ ചെയ്തു നൽകിയ പകരം ഭൂമിയിൽ എട്ടു മാസത്തിനകം 3,500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചു നൽകും. കെട്ടിടം പൊളിച്ചാൽ റോഡ് വികസനത്തിനായുള്ള പ്രവർത്തനം തുടങ്ങും. പത്രസമ്മേളനത്തിൽ ഡി.പി.സി മെം‌ബർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിതാ ജയരാജൻ, ബീന മുരളി, ഷീബ ബാബു, എം.പി. സുകുമാരൻ എന്നിവർ പങ്കെടുത്തു.

പൊളിക്കൽ നടപടികൾ ഇങ്ങനെ...

1974 മേയ് ആറിന് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ മുൻ മുൻസിപ്പൽ ചെയർമാൻ വി. ശങ്കരമേനോൻ കേന്ദ്ര സർക്കാരിന് കത്തയക്കുന്നു

1999 ൽ അക്വിസിഷൻ നടപടികൾക്ക് സാധിക്കില്ലെന്ന് പറഞ്ഞ് പോസ്റ്റ് മാസ്റ്റർ ജനറൽ കേന്ദ്ര സർക്കാരിന് കത്തയച്ചു.

2003 ൽ തൃശൂർ എം.പി. എ.സി ജോസ് വഴി വീണ്ടും തുടർപ്രവർത്തനം

പിന്നീട് സി.കെ. ചന്ദ്രപ്പൻ. പി.സി. ചാക്കോ, പി.ആർ. രാജൻ, സി.എൻ. ജയദേവൻ, പി.കെ. ബിജു, മേയർമാരായ ആർ. ബിന്ദു, ഐ.പി. പോൾ, രാജൻ പല്ലൻ, അജിതാ ജയരാജൻ എന്നിവരുടെ നിരന്തര പരിശ്രമം

2015 ൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ സ്ഥലം കൈമാറ്റത്തിന് അംഗീകാരം നൽകി

തിരുവനന്തപുരം പോസ്റ്റ് മാസ്റ്റർ ജനറൽ ഉന്നയിച്ച തടസവാദങ്ങൾ പ്രവർത്തനങ്ങളെ വീണ്ടും തടസപ്പെടുത്തി.

മേയ് 31 നാണ് സ്ഥലം കൈമാറ്റം നടന്നത്.


പോസ്റ്റ് ഓഫീസിന് നൽകിയ 16.5 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്തത് ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിലാണ്. തപാൽ വകുപ്പു സീനിയർ സൂപ്രണ്ട് സുശീലന് തന്റെ സർവീസിൽ നിന്നുള്ള വിരമിക്കൽ ദിവസം ചരിത്ര മുഹൂർത്തമായി. ഈ പ്രവർത്തനങ്ങൾക്കായി ഏറെ പ്രയത്‌നിച്ച സുശീലനും കോർപറേഷൻ സെക്രട്ടറി അനുജയുമാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. രജിസ്റ്റർ ചെയ്തു കിട്ടിയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിനു മുന്നിൽ കോർപറേഷൻ വക സ്ഥലമെന്ന് ബോർഡ് സ്ഥാപിച്ചു...