വാടാനപ്പിള്ളി: പ്രളയത്തിൽ മുങ്ങിയ നടുവിൽക്കര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തിലാണ് നടുവിൽക്കരഗ്രാമം മുങ്ങിയത്. അന്ന് 930 ൽ അധികം വീടുകളാണ് മുങ്ങിയത്. കടുത്ത വേനലിൽ ഇപ്പോൾ ഈ ഗ്രാമം വറ്റിവരണ്ടിരിക്കുകയാണ്.

പുഴയോര മേഖലയായ ഇവിടുത്തെ പാടവും കുളങ്ങളും തോടുകളും കിണറുകളും വരെ വറ്റിവരണ്ടു. ശേഷിച്ച കിണറുകളിൽ ഉപ്പുവെള്ളമാണ്. പ്രദേശവാസികൾ കുടിവെള്ളത്തിന് ആശ്രയിച്ചു പോരുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാപ്പുകളിൽ ആഴ്ച ഒരിക്കൽ മാത്രമാണ് നേരിയ തോതിൽ വെള്ളം എത്തുന്നത്. കുടിവെള്ള കണക്‌ഷൻ എടുത്ത വീടുകളിലും വെള്ളം വല്ലപ്പോഴുമാണ് എത്തുന്നത് . വേനൽമഴ കുറഞ്ഞതാണ് ഗ്രാമവാസികളെ വലച്ചത്.

സർവ്വതും വറ്റിവരണ്ടതോടെ പാത്രം കഴുകാനും വസ്ത്രങ്ങൾ അലക്കാനും കുളിക്കാനും കക്കൂസിൽ പോകാനും കഴിയാത്ത അവസ്ഥയിലാണ് ഗ്രാമവാസികൾ. ഇതിനിടയിൽ ഗ്രാമവാസികളുടെ അവസ്ഥ മനസിലാക്കി പഞ്ചായത്ത് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ളം ടെമ്പോയിൽ വിതരണം ചെയ്യുന്നുണ്ട്. കുടിക്കാനുള്ള വെള്ളത്തിനായി വീട്ടമ്മമാർ കുടങ്ങളും കലങ്ങളും ബക്കറ്റുകളും നിരത്തി റോഡരികിൽ വെള്ളത്തിനായി കാത്തിരിപ്പാണ്.

കൂടുതൽ വെള്ളം ആവശ്യമുള്ളവർ പണം മുടക്കി വെള്ളം കൊണ്ടു വരുന്നുണ്ട്. ഒരു ടാങ്ക് വെള്ളത്തിന് 500 രൂപയാണ് വില. അരിയും ആവശ്യ സാധനങ്ങളും വൈദ്യുതി ചാർജും അടക്കാനും പണത്തിന് ബുദ്ധിമുട്ടുന്നവർക്ക് കൂടി വെള്ളം കൊണ്ടുവരാനും അധിക ചെലവിന് പണം കണ്ടെത്തേണ്ട അവസ്ഥയാണ്..