waste

വടക്കാഞ്ചേരി: ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നഗരസഭാ തീരുമാനത്തെ നഗരസഭാ പരിധിയിലെ വ്യാപാരികൾ സ്വാഗതം ചെയ്തു. നഗരസഭാ മാലിന്യ സംസ്‌കരണ പദ്ധതിയായ സർവ്വശുദ്ധിയുടെ ഭാഗമായി ചേർന്ന വ്യാപാരി വ്യവസായി സംഘടനകളിലെ എക്‌സിക്യൂട്ടിവ് മെമ്പർമാരുടെയും നഗരസഭാ അധികൃതരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

സർവശുദ്ധി പദ്ധതിയിലേക്ക് എല്ലാ വ്യാപാരികളും ചേരാനും പ്രചാരണ പരിപാടികളിൽ പങ്കാളിയാകാനും യോഗം തീരുമാനിച്ചു. നിയമ പ്രകാരം പരമാവധി കടകളിൽ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിക്കാൻ ധാരണയായി.

വടക്കാഞ്ചേരി ഗവ. ബോയ്‌സ് എൽ.പി സ്‌കൂളിൽ നടന്ന യോഗം നഗരസഭാ വൈസ് ചെയർമാൻ അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി ഡോ. മനോജും നിയമ വശങ്ങളെപ്പറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ വിജയപ്രകാശും സംസാരിച്ചു.

നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. പ്രമോദ്, പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. സോമനാരായണൻ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജയപ്രീത മോഹനൻ തുടങ്ങിയവർ പങ്കെടുത്തു