ചാലക്കുടി: സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇനി മുതൽ 1515 എന്ന നമ്പറിൽ വിളിക്കാം, ഉടൻ പാഞ്ഞെത്തും വനിതാ പൊലീസ്. പിങ്ക് പൊലീസിന്റെ പ്രവർത്തനം ചാലക്കുടിയിലും എത്തി. 24 മണിക്കൂറും സേവനം ലഭിക്കുന്ന പുതിയ സംവിധാനത്തിൽ എസ്.ഐയും ഒരു സി.പി.ഒയും സ്ഥിരമായുണ്ടാകും. വിദ്യാർത്ഥിനികൾക്ക് ഉണ്ടാകുന്ന പൂവാലശല്യം, യാത്രാ ക്ലേശം എന്നിവയ്ക്കും പിങ്ക് പൊലീസിന്റെ സഹായം തേടാം.
തൃശൂർ ടൗണിനു ശേഷം ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ഇത് നിലവിൽ വന്നത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിങ്ക് പൊലീസ് സംവിധാനം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. വിജയകുമാരൻ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ സീമാ ജോജോ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. ബിനയൻ, ചാലക്കുടി ഡിവൈ.എസ്.പി: കെ. ലാൽജി, സി.ഐ: ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.