ചാലക്കുടി: സഞ്ചാര സ്വാതന്ത്ര്യത്തിനായി ചാലക്കുടി പള്ളിപ്പാടത്തിന് സമീപമുള്ള 22 കുടുംബങ്ങൾ മാർക്കറ്റ് റോഡിൽ ധർണ്ണ നടത്തും. തങ്ങളുടെ സ്ഥലത്തിലൂടെ മാർക്കറ്റ് റോഡിലേക്ക് പുതിയ വഴി തുറന്നു കിട്ടുന്നതിനാണ് കുടുംബങ്ങൾ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. റോഡിന് നിശ്ചയിച്ച സ്ഥലത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടന കൊടി നാട്ടിയതാണ് വീട്ടുകാരെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്.

ഇവരെക്കൂടാതെ വെട്ടുകടവ് പ്രദേശത്തെ നിരവധി വീട്ടുകാരും പള്ളിപ്പാടത്തെ റോഡിനായി രംഗത്തുണ്ട്. നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ, വാർഡ് കൗൺസിലർ സീമ ജോജോ എന്നിവരും പുതിയ റോഡ് നിർമ്മാണത്തെ അനുകൂലിച്ച് രംഗത്തുണ്ട്.

തീപിടുത്തമുണ്ടായ വീട്ടിലേക്ക് ഫയർ ഫോഴ്‌സിന് എത്താൻ വഴിയില്ലാതെ നട്ടംതിരിഞ്ഞ സാഹചര്യത്തിലാണ് പള്ളിപ്പാടത്തെ വീട്ടുകാർ വഴിയാവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തുടർന്നും ശക്തമായ സമരപരിപാടികൾ നടത്താനാണ് അവരുടെ തീരുമാനം.