തൃശൂർ: സ്ഥിരമായി കിട്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകൾ കിട്ടാതിരുന്നതും അപ്രതീക്ഷിതമായെത്തിയ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വവും തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണമായെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. പ്രതീക്ഷിച്ചത് പോലെ നേതാക്കൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തിയുള്ള ചർച്ചകളോ വാദപ്രതിവാദങ്ങളോ യോഗത്തിലുണ്ടായില്ല.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനം ഉണ്ടായ ട്രെൻഡ് തൃശൂരിലുമുണ്ടായി. ഇടതുമുന്നണി എന്തോ തെറ്റു ചെയ്‌തെന്ന ധാരണ വ്യാപകമായി പ്രചരിപ്പിച്ചതാണ് കാരണം. സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകളിലേറെയും ഇടതിന്റേതായിരുന്നു. പാർട്ടി കണക്കാക്കിയതിലും 75,000 വോട്ടുകൾ എൻ.ഡി.എ. നേടിയെന്നും യോഗം വിലയിരുത്തി. മന്ത്രി സുനിൽ കുമാറിന്റെ മണ്ഡലത്തിൽ പാർട്ടി മൂന്നാം സ്ഥാനത്തായതിനെക്കുറിച്ച് ചർച്ച നടന്നില്ല. പരമ്പരാഗത യു.ഡി.എഫ് മണ്ഡലത്തിൽ തരംഗം കൂടി വന്നപ്പോൾ പാർട്ടി മൂന്നാംസ്ഥാനത്ത് പോയെന്ന രീതിയിൽ ചർച്ച അവസാനിപ്പിച്ചു. സ്ഥാനാർത്ഥിത്വം മുതൽ ഇടഞ്ഞ് നിന്നിരുന്ന സി.എൻ. ജയദേവന്റെ തിരഞ്ഞെടുപ്പിന് ശേഷമുള്ള പരസ്യ നിലപാടും ചർച്ചയായില്ല. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ആറിന് ചേരുന്ന സംസ്ഥാന കൗൺസിലിൽ ജില്ലാ കമ്മിറ്റി നൽകുന്ന റിപ്പോർട്ട് പരിഗണിക്കും. ഇതടക്കമുള്ളവ 15ന് ചേരുന്ന ജില്ലാ കൗൺസിൽ യോഗം ചർച്ച ചെയ്യും. മന്ത്രി വി.എസ്. സുനിൽ കുമാർ, സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, രാജാജി മാത്യു തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു...