തൃശൂർ: ഏറെക്കാലമായി അവഗണിക്കപ്പെട്ട ഗുരുവായൂർ റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിനായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെയും സന്ദർശനത്തെ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഗുരുവായൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കണമെന്നതാണ് ഏറെ പ്രധാനപ്പെട്ട നിർദ്ദേശം.
തൃശൂർ റോഡിൽ ദിവസവും നിരവധി തവണ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഗതാഗതക്കുരുക്ക് പതിവാണ്. മേൽപ്പാലം വേണമെന്ന ആവശ്യം സർക്കാരും റെയിൽവേയും അംഗീകരിച്ചെങ്കിലും നടപടികൾ മുടന്തുകയാണ്. അനുമതി ലഭിച്ചിട്ടും വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗുരുവായൂർ -തിരുനാവായ പാതയുടെ തടസം നീക്കി നിർമ്മാണം നടത്തിയാൽ ഗുരുവായൂരിന്റെ റെയിൽവേ വികസനത്തിന് വൻ കുതിച്ചുചാട്ടം സാദ്ധ്യമാക്കാം.
തീർത്ഥാടന റെയിൽ സർക്യൂട്ട് !
തൃശൂർ - ഗുരുവായൂർ പാതയിൽ നിരന്തരം സർവീസ് നടത്തുന്നതിന് ഒരു മെമു അനുവദിച്ചാൽ തീർത്ഥാടകർക്ക് ഏറെ സഹായകമാകും. ഇരു ദിശകളിലും മണിക്കൂറിൽ ഒരു സർവീസ് വീതം നടത്തുന്നതിന് ഇത് പര്യാപ്തമാകും. ഗുരുവായൂരിൽ തീർത്ഥാടകർക്ക്, തൃശൂരിൽ നിന്ന് ആശ്രയിക്കാവുന്ന കണക്‌ഷൻ വണ്ടിയായി അതിനെ മാറ്റാം. കേച്ചേരി, പുഴയ്ക്കൽ, പൂങ്കുന്നം, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിലെ വൻഗതാഗതക്കുരുക്കുകളിൽപ്പെടാതെ തൃശൂരിൽ നിന്നുള്ള യാത്രക്കാർക്ക് വേഗത്തിൽ എത്താനും കഴിയും. ഗുരുവായൂരിൽ നിന്ന് മൂകാംബികയിലേക്ക് പ്രതിദിന എക്‌സ്പ്രസ് ട്രെയിൻ അനുവദിച്ചാൽ കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർക്ക് സഹായകമാകും. കർണ്ണാടകയിൽ നിന്ന് ഏറെപ്പേർ ഗുരുവായൂരിലെത്തുന്നുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ളവർ ഗുരുവായൂരിലെത്തി മൂകാംബികയിലേക്ക് പോകുന്നുണ്ട്. ഗുരുവായൂരിൽ നിന്ന് പഴനി, മധുര വഴി രാമേശ്വരത്തേക്ക് പ്രതിദിന എക്‌സ്പ്രസ് വേണമെന്ന ആവശ്യവും ശക്തമാണ്. പഴനി, മധുര, നാഗൂർ, രാമേശ്വരം എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് ഈ ട്രെയിൻ പ്രയോജനപ്പെടും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തുന്നത്.
കാൽനൂറ്റാണ്ടിന്റെ ചരിത്രം
തൃശൂർ–ഗുരുവായൂർ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്.
ഉദ്ഘാടനം ചെയ്തത് 1994 ജനുവരിയിൽ പ്രധാനമന്ത്രി പി.വി നരസിംഹറാവു.
കുറ്റിപ്പുറത്തേക്ക് നീട്ടാൻ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് കൽമാഡി തറക്കല്ലിട്ടെങ്കിലും അട്ടിമറിക്കപ്പെട്ടു
ഒടുവിൽ ഗുരുവായൂർ–തിരുനാവായ പാത സർവേ പൂർത്തിയാക്കി സ്ഥലം ഏറ്റെടുക്കാൻ തുടങ്ങി.
എതിർപ്പുകളുണ്ടായതോടെ പ്രവർത്തനം നിലച്ചു, വികസനം സ്വപ്നം മാത്രമായി.
സംയുക്തമായി പരിശ്രമിക്കണം
'' ഗുരുവായൂരിന്റെ റെയിൽവേ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രി വി. മുരളീധരനും നിയുക്ത എം.പി ടി. എൻ. പ്രതാപനും ഗുരുവായൂർ ദേവസ്വവും ബി.ജെ.പി. നേതൃത്വവും സംയുക്തമായി പരിശ്രമിക്കണം.''
-പി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ)