അരിമ്പൂർ: തൃശൂർ കാഞ്ഞാണി സംസ്ഥാന പാതയിൽ മനക്കൊടിയിൽ കൾവെർട്ട് നിർമ്മാണത്തിനിടെ ലോറി കയറി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി. റോഡിൽ വെള്ളം നിറഞ്ഞ് നിർമ്മാണം നിലച്ചതിനാൽ ഇതു വഴിയുള്ള ഗതാഗതം താറുമാറായി. മനക്കൊടി വളവിലാണ് ഞായറാഴ്ച പുലർച്ചെ നിർമ്മാണം നടക്കുന്ന കലുങ്കിന് സമീപത്ത് വച്ച് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്.
സംസ്ഥാന പാതയ്ക്ക് കുറുകെ പാടശേഖരത്തിലെ വെള്ളം ഒഴുക്കി കളയുന്നതിനായി 2 വലിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികളാണ് പി.ഡബ്ല്യു.ഡി വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്നു വന്നിരുന്നത്. ശനിയാഴ്ച രാത്രി പത്ത് മുതലാണ് രണ്ടാം ഘട്ടം പൈപ്പിടൽ പണികൾ തുടങ്ങിയത്. പുതിയ രണ്ട് പൈപ്പുകൾ സ്ഥാപിച്ച ശേഷം മുകളിൽ മണ്ണിട്ടു മൂടി മെറ്റൽ നിരത്തി ഒരു ഭാഗം ഗതാഗതത്തിന് വിട്ടുകൊടുത്തിരുന്നു.
മെറ്റൽ ഇട്ട് ഉയർത്തിയ റോഡിനിടയിലൂടെ വാട്ടർ അതോറിറ്റിയുടെ 3 പൈപ്പുകളും കടന്നു പോകുന്നുണ്ട്. ഇതിനിടെ ഈ റോഡിലൂടെ കടന്നു പോയ ഒരു ചരക്കു ലോറിയുടെ ഭാരം മൂലമുള്ള സമ്മർദ്ദത്തിൽ 50 മീറ്റർ അപ്പുറത്ത് വച്ച് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയായിരുന്നുവെന്ന് പറയുന്നു.
തുടർന്ന് കൾവെർട്ട് നിർമ്മാണം നടക്കുന്ന സ്ഥലത്ത് വരെ വെള്ളം നിറഞ്ഞതോടെ വാട്ടർ അതോറിറ്റി ജലവിതരണം നിറുത്തിവച്ചു. ഇതു മൂലം പുലർച്ചെ കഴിയേണ്ട പൈപ്പിടൽ ഉച്ചയ്ക്ക് ശേഷമാണ് തീർക്കാനായത്. രാവിലെ മുതൽ തൃശൂരിൽ നിന്നും കാഞ്ഞാണി ഭാഗത്തു നിന്നും എത്തിയ ബസുകൾക്ക് കൾവെർട്ടിന് മുകളിലൂടെ കടന്നു പോകാൻ സാധിക്കാതെ വന്നതോടെ മനക്കൊടിയിലും ചേറ്റുപുഴയിലുമായി യാത്രക്കാരെ ഇറക്കി വിടേണ്ടി വന്നു.
കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് തടസമില്ലാതെ സഞ്ചരിക്കാൻ സാധിച്ചു. പൈപ്പിടൽ പണികൾ ഏറെ വൈകി പുനരാരംഭിച്ചെങ്കിലും സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നിറുത്തിവച്ചു. കെ.എസ്.ഇ.ബി റോഡിന്റെ വശങ്ങളിലുള്ള പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്ത പക്ഷം അടുത്ത ദിവസം മുതൽ ഉള്ള സ്ഥലത്തു വച്ച് ടാറിംഗ് തുടങ്ങാനാണ് പി.ഡബ്ല്യു.ഡി വകുപ്പിന്റെ തീരുമാനം.