പുതക്കാട്: ചെങ്ങാലൂർ മേഖലയിൽ രണ്ട് പേർക്ക് മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പ് കർശന നടപടികൾ ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ കിണറുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്തതായി ആരോഗ്യ വകുപ്പ് അധിക്യതർ അറിയിച്ചു.
പാതയോരത്തെ തട്ടുകടകളിൽ പൂർണമായും സുരക്ഷിത ഭക്ഷണം മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ വിഭാഗം മേഖലയിൽ തുടർപരിശോധന കർശനമാക്കി. തട്ടുകടകാർക്ക് ആരോഗ്യ ബോധവത്കരണം നടത്തി ജീവനക്കാർക്ക് ആരോഗ്യ പരിശോധനാ കാർഡ് നിർബന്ധമാക്കി.
നിർദേശം പാലിക്കാത്ത കടകളിൽ നിന്നും 7000 രൂപ പിഴ ഈടാക്കി. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന എല്ലാ കടകളും സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം സഞ്ചാരികൾക്കും തദ്ദേശീയർക്കും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ രൂപീകരിച്ച സ്‌ക്വാഡ് പുതുക്കാട് സർക്കാർ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുന്നുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എസ്. സുമൽ, മൻജിത് പുലാപ്പറമ്പിൽ എന്നിവരും സ്‌ക്വാഡിലുണ്ട്.
തണൽ അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ്
പുതുക്കാട്: പഞ്ചായത്തിലെ ചെങ്ങാലൂർ സബ് സെന്ററിനു കീഴിലുള്ള എഴാം വാർഡിലെ തണൽ അംഗങ്ങൾക്ക് വേണ്ടി നടത്തിയ മഞ്ഞപ്പിത്ത ബോധവത്കരണ ക്ലാസ് പഞ്ചായത്ത് അംഗം രാജു തളിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ ക്ലാസ് നയിച്ചു.