certificate

തൃശൂർ: വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ ഒ.ബി.സി വിഭാഗത്തിലുള്ള എഴുത്തച്ഛൻ സമുദായത്തെ സർക്കാരിന്റെ ഇ - ഡിസ്ട്രിക്ട് സോഫ്ട്‌വെയറിൽ ഒ.ഇ.സി കാറ്റഗറിയിലാക്കി. സർക്കാരിൽ നിന്ന് അറിയിപ്പൊന്നുമില്ലാതെ രണ്ടാഴ്‌ച മുമ്പാണ് ഐ.ടി സെല്ലിലെ ആരോ സോഫ്ടു്‌വെയറിൽ തിരുത്തിയത്. ഇതോടെ വില്ലേജ് ഓഫീസർമാരും പുലിവാലു പിടിച്ചു. ഇതേത്തുടർന്ന് ഒ.ബി.സിക്കാർക്ക് ഒ.ഇ.സി സർട്ടിഫിക്കറ്റ് നൽകിയാലുണ്ടാകാവുന്ന വിജിലൻസ് കേസുൾപ്പെടെയുള്ള ഭവിഷ്യത്ത് മുന്നിൽക്കണ്ട് വില്ലേജ് ഓഫീസർമാർ മേലുദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകി.
ഒരു സമുദായത്തെ രണ്ടു കാറ്റഗറിയിലുൾപ്പെടുത്തുന്നത് നിയമാനുസൃതം തെറ്റായതിനാൽ ഒ.ഇ.സി തിരഞ്ഞെടുത്ത ജാതി സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ വില്ലേജ് ഓഫീസർമാർ മടക്കുകയാണ്. അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ നിരവധി പേരാണ് വിദ്യാഭ്യാസ ആനുകൂല്യത്തിനായി ജാതിസർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്.
2014 മേയ് 23ലെ ഉത്തരവനുസരിച്ച് എഴുത്തച്ഛനുൾപ്പെടെയുള്ള 30 ഒ.ബി.സിക്കാർക്ക് വരുമാന പരിധി അടിസ്ഥാനമാക്കി വിദ്യാഭ്യാസ ആവശ്യത്തിനായി ഒ.ഇ.സി ആനുകൂല്യം ലഭിക്കും. അതേസമയം ഈ സമുദായങ്ങളെ ഒ.ഇ.സി പട്ടികയിലാക്കി സർക്കാർ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഒരു ഉത്തരവുമില്ലാതെ സോഫ്ട്‌വെയറിൽ നടത്തിയ തിരുത്തൽ കാരണം തങ്ങളനുഭവിക്കുന്ന ദുരിതം വില്ലേജ് ഓഫീസർമാർ തൃശൂർ ഐ.ടി സെൽ നോഡൽ ഓഫീസറെയും അറിയിച്ചിട്ടുണ്ട്.


തിരുത്തൽ ഇങ്ങനെ

മുൻ വർഷങ്ങളിൽ ആനുകൂല്യത്തിനർഹരായ എഴുത്തച്ഛനുൾപ്പെടെയുള്ള ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ കാറ്റഗറി സെലക്ട് ചെയ്യാനുള്ള ഓപ്ഷനുണ്ടായിരുന്നില്ല. തിരുത്തൽ വന്നതോടെ ഒ.ബി.സി, ഒ.ഇ.സി എന്നിങ്ങനെ സെലക്‌ഷൻ ഓപ്ഷനെത്തി. അക്ഷയ ഉൾപ്പെടെയുള്ള ജനസേവന കേന്ദ്രങ്ങളിലെ ജീവനക്കാർ അപേക്ഷകരുടെ താത്പര്യമനുസരിച്ച് ഒ.ഇ.സിയാണ് തിരഞ്ഞെടുക്കുന്നത്. ഒ.ഇ.സി തിരഞ്ഞെടുത്തില്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ലെന്നാണ് അപേക്ഷകരുടെ ധാരണ.

പരാതി കൈമാറും
ഒ.ബി.സി വിഭാഗത്തിന് ഒ.ഇ.സി സർട്ടിഫിക്കറ്റ് നൽകുന്നത് കുറ്റകരമാണ്. സോഫ്ട്‌വെയറിൽ എങ്ങനെയാണ് മാറ്റം വന്നതെന്ന് അറിയില്ല. വില്ലേജ് ഓഫീസർമാർ നൽകിയ പരാതി ജില്ലാ കളക്ടർക്ക് കൈമാറും.

- മുസ്തഫ കമാൽ, തലപ്പിള്ളി തഹസിൽദാർ