തൃശൂർ : രാമവർമ്മപുരം പൊലീസ് അക്കാഡമി രാജ്യത്തെ മികച്ച പൊലീസ് പരിശീലന കേന്ദ്രമായി മാറുന്നു. പരിശീലനം കഴിഞ്ഞ് പൊലീസുകാർ , ഇനി മുതൽ ഇറങ്ങുക ഹൈടെക്കായി. ഐ.എസ് ഭീകരാക്രമണ മാവോയിസ്റ്റ് ആക്രമണ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ പൊലീസിന് പുതിയ ഊർജ്ജം നൽകുകയാണ് കേരള ആഭ്യന്തര വകുപ്പിന്റെ ഈ തീരുമാനം. ചാവേറിനെ എങ്ങനെ തുരത്താം, മാവോയിസ്റ്റ് ആക്രമണങ്ങളെ ഏങ്ങനെ നേരിടാം, കുഴി ബോബും നാടൻ ബോംബുകളും കണ്ടെത്തി നീർവീര്യമാക്കാം തുടങ്ങിയ പരിശീലനവും ഇവിടെ ലഭിക്കും. സേനാംഗങ്ങളുടെ അച്ചടക്കം കർക്കശമാക്കാനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ഇതും പരിശീലനത്തിന്റെ ഭാഗമാകും.
പുതിയ പദ്ധതികൾ
ഐ.ഇ.ഡി ട്രെയിനിംഗ് സെന്റർ, പൊലീസ് നായകൾക്ക് വിശ്രമകേന്ദ്രം, ഡ്രിൽ നഴ്‌സറി
മാർച്ചും സല്യൂട്ടും കൃത്യമാകണം
പൊലീസ് സേനയുടെ മാർച്ചും സല്യൂട്ടും ഏറെ ആകർഷണമാണ്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി പാസിംഗ് ഔട്ട് പരേഡിൽ പോലും അൽപ്പ സ്വൽപം പിഴവുകൾ കണ്ട് തുടങ്ങിയതോടെയാണ് പുത്തൻ പരിശീലനത്തിന് പൊലീസ് തയ്യാറായത്. ക്വിക് , സ്ളോ മാർച്ചുകളിൽ ഏങ്ങനെ കൈവീശണമെന്നതിന് കമ്പിയിഴകൾക്കുള്ളിൽ നിറുത്തിയാണ് പരിശീലനം നൽകുക. മാർച്ചിനിടെ നെഞ്ച് വിരിച്ച് സല്യൂട്ട് ചെയ്യുന്നതിനും കർശന പരിശീലനമാണ് നൽകുക.
പലിശീലനം മുഴുവൻ കണ്ണാടിക്ക് മുന്നിൽ
പുതുതായി പരിശീലനത്തിന് എത്തുന്നവർ നഴ്‌സറി ക്ലാസിലെത്തണം. 20 ലക്ഷത്തോളം ചെലവിൽ സ്ഥാപിച്ച ഡ്രിൽ നഴ്‌സറിയിൽ ശാസ്ത്രീയമായ പരേഡ് പരിശീലനമാണ് നൽകുക. ഓരോ പരിശീലന ഘട്ടങ്ങളും കണ്ണാടികൾക്ക് മുന്നിലാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. മാർച്ചിൽ വരിതെറ്റാതെ പോകുന്നതിനുള്ള ക്യൂ കോംപ്ലക്‌സ്, ഗ്രൂപ്പ് മാർച്ചിലെ പരിശീലനത്തിന് രണ്ട് കൈകളിലും സ്റ്റീൽ പൈപ്പുകൾ നൽകിയാണ് നടത്തുക.
സൈബർ രംഗത്തും മോശമാകില്ല
വിവര സാങ്കേതിക വിദ്യയുടെ ബലത്തിൽ എല്ലാ തെളിവുകളും ശേഖരിക്കുന്നതിനായി സൈബർ ഫോറൻസിക് ലാബും തയ്യാറായിട്ടുണ്ട്. പൊലീസുകാർക്ക് ഒപ്പം പ്രൊസിക്യൂട്ടർമാർക്കും ഇവിടെ പരിശീലനം നൽകും.
സ്‌ഫോടന വിരുദ്ധ കേന്ദ്രം
തീവ്രവാദ- മാവോയിസ്റ്റ് ആക്രമണങ്ങളെ നേരിടുന്നതിന് പരിശീലനം നൽകുന്നതിനായാണ് സ്‌ഫോടക വിരുദ്ധ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള സ്‌ഫോടക വസ്തുക്കൾ തിരിച്ചറിയുക, അവ നീർവീര്യമാക്കുക എന്ന കാര്യത്തിലും പരിശീലനം നൽകും. അക്കാഡമിക്കുള്ളിലെ വന മേഖലയിൽ സ്ഥാപിച്ചിട്ടുള്ള പരിശീലന കേന്ദ്രത്തിൽ വച്ചായിരിക്കും പരിശീലനം. ചാവേറുകളെ തുരത്തുവാനും പ്രധാന വ്യക്തികൾ താമസിക്കുന്ന സ്ഥലത്ത് സ്‌ഫോടക വസ്തുക്കൾ വെച്ചിരിക്കുന്നത് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എങ്ങനെ കണ്ടുപിടിക്കാം എന്നത് സംബന്ധിച്ചുള്ള വിദഗ്ദ്ധ പരിശീലനവും ലഭിക്കും.
വിരമിച്ച നായകൾക്കും വി.ഐ.പി പരിഗണന
വിരമിക്കുന്ന നായ്ക്കൾക്ക് വിശ്രമിക്കാൻ 35 ലക്ഷം രൂപ ചെലവിലാണ് മുറികൾ തയ്യാറാക്കിയിരിക്കുന്നത്. ദിവസവും മുട്ടയും മാംസവും കൂട്ടിയുള്ള ഭക്ഷണം, വിരസതയകറ്റാൻ ടി.വിയും കളിപ്പാട്ടവും ഇങ്ങനെ പോകുന്നു വിരമിക്കലിന് ശേഷമുള്ള സൗകര്യങ്ങൾ.