ചാലക്കുടി: സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം ഗ്രാമവികസനത്തിന് ഉപകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കൊരട്ടി സർവീസ് സഹകരണ ബാങ്ക്, മുരിങ്ങൂർ ആറ്റപ്പാടത്ത് ആരംഭിച്ച പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശസാൽകൃത ബാങ്കുകളിൽ പണം കുമിഞ്ഞു കൂടുന്നതിന്റെ നേട്ടം അനുഭവിക്കുന്നത് കോർപറേറ്റുകളും കോടീശ്വരന്മാരും മാത്രമാണ്. ഇത്തരം ബാങ്കുകൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും അന്യവുമാണ്. വിദ്യാഭ്യാസ വായ്പയെടുക്കാൻ എത്തുന്നവരെ എങ്ങനെ മടക്കിവിടാമെന്ന ചിന്തയാണ് ഇത്തരം ബാങ്കുൾക്കുള്ളത്. എന്നാൽ ഇവർ കിട്ടാക്കടമായിട്ട് എഴുതി തള്ളുന്നതാകട്ടെ സമ്പന്നൻമാരുടെ വായ്പയാണെന്നും മന്ത്രി തുടർന്നു പറഞ്ഞു.
അതിനാൽ സഹകരണ ബാങ്കുകളെ കണ്ണിലുണ്ണിപോലെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷി വകുപ്പ് ആരംഭിക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി നാട് ഏറ്റെടുക്കണം. ഓണത്തിന് മാത്രമല്ല, വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ വീട്ടിലും നാട്ടിലും പച്ചക്കറിക്കൃഷിയെന്ന ആശയം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വി.എസ്. സുനിൽകുമാർ തുടർന്നു പറഞ്ഞു. ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. തോമസ്, ബാങ്ക് പ്രസിഡന്റ് വി.ഒ. ലോനപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഡി. തോമസ്, സെക്രട്ടറി എൻ.ജി. സനിൽകുമാർ, ജെയ്മി തറയിൽ, കുമാരി ബാലൻ, രാജൻ വർഗ്ഗീസ്, ജയരാജ് ആറ്റപ്പാടം, ഷിബു വർഗീസ് എന്നിവർ പ്രസംഗിച്ചു.