kadavuone
കൂടപ്പുഴക്കടവ്

ചാലക്കുടി: അവധിക്കാലം വിടപറയുമ്പോഴും കൂടപ്പുഴ തടയണയിൽ സഞ്ചാരികൾക്ക് കുറവില്ല. നാട്ടുകാരുടെ കുളിക്കടവിന്റെ സ്ഥാനം അവധിക്കാലത്ത് വിനോദ സഞ്ചാരികൾ കൈക്കലാണ്. ചാലക്കുടിപ്പുഴയിലെ ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്ന കുളിക്കടവും ഇതുതന്നെ.

പുരാതന കാലത്തുതന്നെ കൂടപ്പുഴക്കടവിന് ജനങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു. ഒന്നിടവിട്ടുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ആറാട്ടും കടവിന്റെ പ്രശസ്തിക്ക് മാറ്റുകൂട്ടി. പുലർകാലം മുതൽ ജനങ്ങൾ തിങ്ങിനിറയുന്ന നാട്ടുകാരുടെ കടവിന് ഓർത്തെടുക്കാൻ അനുഭവങ്ങൾ അനവധി.

കടവിൽ ആൾത്തിരക്കൊഴിഞ്ഞ വേളകളില്ലായിരുന്നു. സ്ത്രീകൾക്ക് മാത്രമായുള്ള കടവും പ്രത്യേകതയാണ്. ശബരിമല സീസണിൽ ഉയരുന്ന ശരണം വിളികളും ആറാട്ടുകടവിന്റെ ഓർമ്മകളിൽ തങ്ങിനിൽക്കുന്നു. എന്നാൽ കുറേക്കാലം കടവ് ശനിദശയുടെ പിടിയിലായി. പുഴയിൽ ക്ഷുദ്രജീവികളുടെ സാമീപ്യവും വേനൽക്കാലത്ത് വെള്ളം കൂടുതൽ മലിനപ്പെടുന്നതും ജനങ്ങളെ കടവിൽ നിന്നകറ്റി.

എന്നാൽ വീണ്ടും ആറാട്ടുകടവ് ഗതകാല പ്രതാപത്തിലേക്ക് മടങ്ങുകയാണ്. തടയണ നിർമ്മാണത്തോടെ കടുത്ത വേനലിലും പുഴയിൽ ആവശ്യാനുസരണം വെള്ളം നിൽക്കുന്ന അവസ്ഥയുണ്ടാക്കി. ഇതിനു പുറമെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് എല്ലാ ഭാഗത്തും പടവുകൾ നിർമ്മിച്ചതും ജനങ്ങൾക്ക് ഗുണകരമായി. ഇതോടെയാണ് വിനോദ സഞ്ചാരികൾ ഇവിടേക്കും നോട്ടമിട്ടത്.

തമിഴ്‌നാട്ടിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് അതിരപ്പിള്ളിയിൽ നിന്നുള്ള മടക്കയാത്രയിൽ കൂടപ്പുഴക്കടവിനെ പുണാരാനെത്തുന്നത്. ഇതോടൊപ്പം സ്ഥിരമായെത്തുന്ന നാട്ടുകാരും എത്തുന്നു.

കുട്ടിക്കാലം മുതൽ ഇവിടെ നീന്തിക്കളിച്ചും കുളിച്ചും വളർന്ന കടവാണിത്. അനുദിനം നൂറുകണക്കിന് ആളുകളെ ആകർഷിക്കുന്ന കടവിൽ സർക്കാർതലത്തിൽ കൂടുതൽ വികസനം എത്തിക്കണം.

- മേച്ചേരി ജോണി, പൊതുപ്രവർത്തകൻ