ഗുരുവായൂർ : പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ക്ഷേത്ര നഗരിയിലെ റോഡുകൾക്ക് ശാപമോക്ഷമാകുമെന്ന പ്രതീക്ഷയിൽ നഗരവാസികൾ. അമൃത് പദ്ധതിയുടെ ഭാഗമായുള്ള കാന നിർമ്മാണത്തിനായും കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ പണികൾക്കായും ക്ഷേത്ര നഗരിയിലെ റോഡുകളെല്ലാം തന്നെ പൊളിച്ചിട്ടിട്ടുള്ളതിനാൽ ക്ഷേത്ര നഗരിയിലെ റോഡുകളിലൂടെയുള്ള ഗതാഗതം താറുമാറായി.
പ്രധാനമന്തിയുടെ സന്ദർശനത്തെ തുടർന്ന് റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതോടെ നിലവിലെ തടസം മാറിക്കിട്ടും.
പ്രധാനമന്ത്രി എട്ടിനെത്തും
ശനിയാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തുക. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചപൂജയ്ക്ക് ക്ഷേത്ര ദർശനം നടത്തുമെന്നാണ് ദേവസ്വത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചത്. മുക്കാൽ മണിക്കൂറോളമാണ് പ്രധാനമന്ത്രി ഗുരുവായൂരിലുണ്ടാകുക. ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് ഒരു ഭക്തന്റെ വഴിപാടായി താമര കൊണ്ടുള്ള തുലാഭാരവും നടത്തും. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലും വിദേശകാര്യ സഹമന്ത്രി മുരളീധരനും ഒപ്പമുണ്ടാകും. കൊച്ചിയിൽ നിന്നും ഹെലികോപ്റ്ററിൽ അരികന്നിയൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങി അവിടെ നിന്നും റോഡ് മാർഗമാണ് ഗുരുവായൂരിലെത്തുക...