തൃശൂർ: എറിയാട് വേലംപടി കോളനിയിലെ ഷിബിന്റെ മരണം കൊലപാതകമാണെന്നും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും മാതാപിതാക്കളും ബന്ധുക്കളും പത്രസമ്മേളനത്തിൽ ആരോപിച്ചു. 2019 ഫെബ്രുവരി പത്തിനാണ് വീടിനു സമീപത്തുള്ള കുളത്തിന്റെ കരയിൽ ഷിബിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ ചെവിയിൽ നിന്ന് രക്തം ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇവ രേഖപ്പെടുത്തിയിരുന്നില്ല. ഫോറൻസിക് പരിശോധനയിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഷിബിൻ ആത്മഹത്യ ചെയ്യാൻ പറ്റിയ സാഹചര്യമില്ല. അതേ സമയം കൊലപാതകമാണെന്ന് സംശയിക്കാവുന്ന നിരവധി തെളിവുകളുമുണ്ട്. ഷിബിൻ മരിച്ച ദിവസം തറവാട്ട് വീട്ടിൽ സഹോദരൻ ജിബിനും ഭാര്യയും കിടക്കുന്ന മുറിയുടെ സിറ്റ് ഔട്ടിൽ നിന്നുള്ള കതക് പുറത്ത് നിന്ന് ആരോ പൂട്ടിയ നിലയിലായിരുന്നു.
സംഭവം നടന്ന് ഏതാനും ദിവസത്തിന് ശേഷം രണ്ടുപേർ ഷിബിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഷിബിൻ മരിച്ച ദിവസം വീടിന്റെ പിറകിൽ നിന്ന് അസ്വാഭാവികമായ സാഹചര്യത്തിൽ ഒരാൾ ഓടിപ്പോകുന്നത് കണ്ടവരുണ്ട്. ഇതൊക്കെ അറിയിച്ചെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കാര്യക്ഷമമായ അന്വേഷണം നടത്തിയിലെങ്കിൽ ജനകീയ സമരങ്ങളും പ്രതികളെ ഉദ്യോഗസ്ഥർക്കെതിരെ കോടതി മുഖാന്തിരം പോരാടുമെന്നും ഷിബിന്റെ അച്ഛൻ ശിവൻ പറഞ്ഞു. ജിബിൻ, പി.കെ. രമേഷ്, ഗിരിജ, വിജീഷ് സി. തിലകൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.