തൃശൂർ: സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജില്ലയിലെ ചെമ്പൂച്ചിറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. അക്കാഡമിക മികവ് വിദ്യാലയ മികവ് എന്നതാണ് ഈ വർഷത്തെ പ്രവേശനോത്സവ മുദ്രാവാക്യം.
ആറിന് രാവിലെ ഒമ്പതിന് മന്ത്രിയോടൊപ്പം ക്‌ളാസിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി ഒന്ന്, പതിനൊന്ന് എന്നീ ക്ലാസുകളിലേക്ക് പ്രവേശനം നേടിയ കുട്ടികളെ മന്ത്രി സി. രവീന്ദ്രനാഥ് വരവേൽക്കും. 9.30ന് ഉദ്ഘാടനം. പത്തിന് ക്‌ളാസുകൾ ആരംഭിക്കും. മന്ത്രിമാർ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഒന്നു മുതൽ പതിനൊന്നാം ക്‌ളാസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളുകളിൽ ഒരേ സമയം പ്രവേശനോത്സവം നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം ഇതുവരെയുള്ള കണക്കനുസരിച്ച് പൊതു വിദ്യാലയങ്ങളിലെ ഒന്നാം ക്‌ളാസിലേക്ക് 20,000 കുട്ടികളും മറ്റു ക്‌ളാസുകളിലേക്ക് 4000ത്തോളം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് പ്രസിഡന്റ് പറഞ്ഞു.
മേരി തോമസ്, ജയന്തി സുരേന്ദ്രൻ, ബിന്ദു പരമേശ്വരൻ, ജയിംസ് പി. പോൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.