പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളിയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രദിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പ്രദേശത്തെ മയക്കുമരുന്നു മാഫിയകളെ നേരിടാൻ സർക്കാർ മുന്നോട്ട് വരണമെന്നും ചെന്നിത്തല പറഞ്ഞു. വിഷു തലേന്ന് കൊല്ലപ്പെട്ട ചെമ്മാപ്പിള്ളി കണാറ പ്രദിന്റെ വീടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചത്.

പ്രദിന്റെ അമ്മ കല്യാണിയെ ആശ്വസിപ്പിച്ച പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തെ വീട്ടിലായിരുന്ന ഭാര്യ സുഷിതയെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. പ്രദിന്റെ ദാരുണമായ കൊലപാതകം നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിടികിട്ടാനുള്ള കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ഊർജിതമാക്കാൻ ആഭ്യന്തര വകുപ്പ് ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഞെട്ടിപ്പിക്കുന്ന ഒന്നാണ് പ്രദിന് നേരെ നടന്ന ആക്രമണം. ഐ.ജിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നതായും അദേഹം അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.കെ. സുശീലൻ പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. പൗരസമിതിയുടെ നിവേദനം മാപ്രാണത്ത് ഷൺമുഖൻ നൽകി.

ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ. സുശീലൻ നാട്ടിക ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ആന്റോ തൊറയൻ, ഇ. രമേശൻ, വേണുഗോപാൽ കെ.എൻ. ഗീതദാസ്, ജോസ് സി.ടി, മണ്ഡലം ഭാരവാഹികളായ സിജോ പുലിക്കോട്ടിൽ, ശിവജി കൈപ്പുള്ളി, മിനി ജോസ്, രാമൻ തിരുമേനി എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം എത്തിയിരുന്നു.