കൊടകര: പ്രളയത്തിൽ പുഴയിലടിഞ്ഞ മരങ്ങളും മാലിന്യങ്ങളും നീക്കാത്തത് പുഴയോരവാസികൾക്ക് ഭീഷണിയാകുന്നു. മറ്റത്തൂർ വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കുറുമാലിപ്പുഴയുടെ ഇരുകരകളും ഇടിഞ്ഞതിനെ തുടർന്ന് പുഴയിലേക്ക് വീണ മരങ്ങളാണ് ഭീഷണി ഉയർത്തുന്നത്. പ്രളയത്തിൽ രൗദ്രഭാവം പൂണ്ട കുറുമാലിപ്പുഴ ഇരുകരകളിലും പുഴയോരം തകർത്ത് തരിപ്പണമാക്കിയിരുന്നു. ദിശമാറിയൊഴുകിയ മഴവെള്ളപ്പാച്ചിലിൽ പുഴയോരത്തെ തെങ്ങ്, പട്ടൽ മുള, കടപ്പിലാവ് തുടങ്ങി ചെറുതും വലുതുമായ മരങ്ങളും പുഴയിലേക്ക് വീണിരുന്നു. പുഴയിലേക്ക് വീണ മരങ്ങളും മറ്റ് മാലിന്യങ്ങളും വെള്ളത്തിനടിയിൽ തന്നെ കിടക്കുകയാണ്. പുഴയിപ്പോൾ ശാന്തമാണെങ്കിലും കാലവർഷത്തിൽ ഒഴുക്ക് ശക്തമാകുന്നതോടെ മരങ്ങളും മാലിന്യങ്ങളും മാഞ്ഞാംകുഴി ഡാമിലെത്തി തടഞ്ഞുകിടക്കും. കൂടാതെ പുഴയോരം ഇടിയൽ ഭീഷണിയിലുമാണെന്ന് നാട്ടുകാർ പറയുന്നു.
ഒഴുക്ക് ശക്തമായാൽ പുഴയോരത്ത് വീഴാറായി നിൽക്കുന്ന മരങ്ങളും പുഴയിലേക്ക് പതിക്കും. മറ്റത്തൂർ പഞ്ചായത്തിലെയും വരന്തരപ്പിള്ളി പഞ്ചായത്തിലേയും ഒഴുക്കിനെ തടസപ്പെടുത്തുന്ന പുഴയോരത്തെ തെങ്ങുകളും മുളകളും മറ്റ് പാഴ് മരങ്ങളും ഉടൻ മുറിച്ചുനീക്കിയില്ലെങ്കിൽ ഒഴുക്കിന് തടസമായി ഇനിയും വെള്ളപ്പൊക്കത്തിന് ഇടവരുത്തുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
പ്രളയാനന്തര കേരളത്തിൽ കണ്ണുതുറക്കാത്ത സംസ്ഥാന സർക്കാരും സ്ഥലം എം.എൽ.എയായ മന്ത്രിയും കുറുമാലി പുഴയുടേയും മണലിപുഴയുടേയും ഒഴുക്കിന് തടസമായി പുഴയിൽ അടിഞ്ഞുകിടക്കുന്ന മരങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാൻ നടപടിയെടുത്തിട്ടില്ല. കാലവർഷം ശക്തമാകുന്നതോടെ ഇവയെല്ലാം ഒഴുകി മുൻ വർഷങ്ങളിലെ പോലെ മാഞ്ഞാംകുഴി ഡാമിൽ അടിഞ്ഞുകൂടും. ദുർബലപ്പെട്ടുകിടക്കുന്ന പുഴയുടെ ഇരുകരകളിലേയും പുഴയോര പരിസരവാസികൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആവശ്യമായ നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ആവശ്യപ്പെട്ടു. വടുതല നാരായണൻ, ഇ.വി. കൃഷ്ണൻ നമ്പൂതിരി, ബൈജു ചെല്ലിക്കര, വൈശാഖ് പള്ളം, സുനിൽ പൂയ്യത്ത്, അരുൺ പന്തല്ലൂർ, രെജത്ത് നാരയണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.