ഗുരുവായൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ക്ഷേത്ര നഗരിയിൽ പൊലീസ് സംഘം പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തുന്നത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ക്ഷേത്രപരിസരത്ത് പരിശോധന നടത്തിയത്. വൈകീട്ട് ആറുമണിയോടെയായിരുന്നു പരിശോധന. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എസ്. ഷംസുദ്ദീൻ, ഗുരുവായൂർ അസി. പൊലീസ് കമ്മിഷണർ പി. ബിജുരാജ്, ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർ കമ്മിഷണറെ അനുഗമിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നടപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് കമ്മിഷണർ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദീപാരാധന നടതുറന്ന സമയത്ത് ക്ഷേത്രദർശനവും കഴിഞ്ഞാണ് കമ്മിഷണർ മടങ്ങിയത്.