കൊടുങ്ങല്ലൂർ: കനോലി കനാലിലൂടെയുള്ള ഉൾനാടൻ ജലഗതാഗതമെന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി എം.എൽ.എയും സംഘവും കനോലി കനാലിലൂടെ ബോട്ട് യാത്ര നടത്തി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, മുസ്‌രിസ് പ്രൊജക്ട് മാനേജർ പി.എം. നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. മല്ലിക, ഇ.ജി. സുരേന്ദ്രൻ, കെ.കെ. സച്ചിത്ത്, ബൈന പ്രദീപ്, വൈസ് പ്രസിഡന്റുമാരായ സതീഷകുമാർ, സുവർണ ജയശങ്കർ, അഖിലവേണി, മെമ്പർമാരായ കെ.വൈ. അസീസ്, അജിത്ത്കുമാർ, പരിസ്ഥിതി പ്രവർത്തകൻ ടി.എൻ. തിലകൻ, മുസ്‌രിസ് മാനേജൻ സജിത തുടങ്ങിയവരടങ്ങിയ സംഘമാണ് ബോട്ട് യാത്രയിലുണ്ടായിരുന്നത്.

മലബാറിനെ മദ്ധ്യകേരളവുമായി ബന്ധിപ്പിക്കുന്ന കനോലി കനാൽ അനധികൃത കൈയേറ്റവും മാലിന്യ നിക്ഷേപവും മൂലം നാശോന്മുഖമായി കിടക്കുകയാണ്. കേരള ജലപാതാ വികസനത്തിന്റെ ഭാഗമായി കനോലി കനാൽ സഞ്ചാരയോഗ്യമാക്കി, വികസന പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ടൂറിസം സാദ്ധ്യതകൾക്കും വഴി തുറക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് യാഥാർത്ഥ്യമാക്കുന്നതിനയുള്ള പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് ഇറക്കുമതി ചെയ്ത അക്വാട്ടിക് വീഡ് കട്ടർ ഉൾപ്പെടെ വിദേശനിർമ്മിത യന്ത്രസംവിധാനങ്ങളും, ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ശുചീകരണ പ്രവൃത്തികൾ ലക്ഷ്യമിട്ടിട്ടുള്ളത്. കോവളം മുതൽ കാസർകോട് വരെയുള്ള ജലപാതാ വികസനത്തിനായി സംസ്ഥാന സർക്കാരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും(സിയാൽ) ചേർന്നു രൂപം നല്കിയ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും, വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സമായി കനാലിലേക്ക് വീണ് കിടക്കുന്ന മരങ്ങളും മറ്റും നീക്കം ചെയ്ത് കനാൽ സഞ്ചാരയോഗ്യമാക്കും. മുസ്‌രിസ് പദ്ധതിയുടെ ഭാഗമായി മതിലകം ബംഗ്ലാകടവ് പുനർ നിർമ്മാണം പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും സഞ്ചാരയോഗ്യമായ ബോട്ട് ജെട്ടി നിർമ്മിക്കുമെന്ന് എം.എൽ.എ ആദ്യ ബോട്ട് യാത്രയിൽ പറഞ്ഞു.