തൃക്കൂർ: മണലിപ്പുഴയിലെ ജലം മലിനമാക്കിയ മീൻ വളർത്തൽ കേന്ദ്രം കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് രേഖയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കഴിഞ്ഞ ദിവസം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സ്ഥലം സന്ദർശിച്ചതിനു ശേഷം സംഭവത്തിൽ കളക്ടറോട് നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് പുത്തൂർ കാഞ്ഞാണി തോപ്പിൽ പ്രവർത്തിക്കുന്ന മീൻ വളർത്ത് കേന്ദ്രം ജൂനിയർ സൂപ്രണ്ട് രേഖയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചത്.
മണലിപ്പുഴയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തിൽ കേന്ദ്രത്തിന്റെ ഉടമയടക്കം നാല് പേർക്കെതിരെ പഞ്ചായത്ത് രാജ് 219 എസ് ആക്ട് പ്രകാരം കഴിഞ്ഞ ശനിയാഴ്ച്ച കേസെടുത്തിരിന്നു. ജലം മലിനമായതിനെ തുടർന്ന് പമ്പിംഗ് നിറുത്തിവച്ചതോടെ തൃക്കൂർ പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. മണലിപ്പുഴയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തൃക്കൂർ, പുത്തൂർ പഞ്ചായത്ത് അധികൃതർ ഉദ്യോഗസ്ഥ സംഘത്തോട് ആവശ്യപ്പെട്ടു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പി.ജി. ഷാജി, കെ.സി. സന്തോഷ്, പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.