തൃശൂർ: നിപ വൈറസ് ബാധിതനായ വിദ്യാർത്ഥി പരിശീലനം നടത്തിയിരുന്ന തൃശൂരിലെ സർക്കാർ നിയന്ത്രിത വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപിക അടക്കം മൂന്നുപേർക്ക് പനി. എന്നാൽ ഇവർക്ക് സാധാരണ വൈറൽ പനിയാണെന്നും നിപ ലക്ഷണങ്ങളില്ലെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വിദ്യാർത്ഥിയുമായി ഇടപഴകിയ 19 പുരുഷൻമാരും 13 സ്ത്രീകളും ഉൾപ്പെടെ 32 പേർ പ്രത്യേക നിരീക്ഷണത്തിലാണ്.

ഡോക്ടർമാർമാർ അടങ്ങുന്ന സംഘം അദ്ധ്യാപികയുടെ വീട്ടിലെത്തി പരിശോധിച്ചു. ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് പനിബാധിതർ. ഇവർക്ക് ആവശ്യമെങ്കിൽ വിശദമായ പരിശോധനകളും നടത്തും. തൃശൂരിലെ പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിയുടെ സഹപാഠികളായിരുന്നവരും വിദ്യാർത്ഥി ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ നഴ്‌സുമാരും ഉൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ രോഗവിവരങ്ങൾ രാവിലെയും വൈകിട്ടും ആരോഗ്യവകുപ്പ് അന്വേഷിക്കും.

ഡി.എം.ഒ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ക്ളീനിംഗ് ജീവനക്കാർ മുതൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മെഡിക്കൽ ഓഫീസർമാർ അടക്കമുള്ള പ്രത്യേകസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ചികിത്സ നടത്താനും സുരക്ഷാവസ്ത്രങ്ങൾ ധരിക്കാനും പരിശീലനം നൽകിക്കഴിഞ്ഞു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഓരോ ഐസോലേറ്റഡ് വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.

എല്ലാ ദിവസവും രാവിലെയും വൈകിട്ടും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അവലോകനയോഗങ്ങൾ നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ള എല്ലാവരെയും ദിവസവും ബന്ധപ്പെടാനുള്ള കൺട്രോൾ സെൽ ആരംഭിച്ചു. കഴിഞ്ഞ മാസം ഇരുപതിനാണ് ഇടുക്കിയിലെ കോളേജിൽ നിന്നുളള 16 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം തൃശൂരിലെ പഠനത്തിനെത്തിയത്. നാലുദിവസത്തിനുശേഷം ഇവർ മടങ്ങുകയും ചെയ്തു. ഇവരിൽ ഒരാൾക്കാണ് നിപ സ്ഥിരീകരിച്ചത്.

ഫാമുകളിലും പരിശോധന

വിദ്യാർത്ഥി താമസിച്ചിരുന്ന സ്ഥലത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മൃഗസംരക്ഷണ വകുപ്പിന്റെയും വെറ്ററിനറി സർവകലാശാലയുടെയും പ്രത്യേക സംഘം പരിശോധന നടത്തും. നിപ വൈറസിന്റെ ഉറവിടം ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്. പന്നിഫാമുകൾ കേന്ദ്രീകരിച്ചും വവ്വാലുകളുടെ സാന്നിദ്ധ്യം ഉണ്ടോയെന്നും പരിശോധിക്കും. പന്നികളെ വളർത്തുന്നിടത്ത് വവ്വാലുകളുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധപുലർത്തും. രോഗബാധയുടെ ഉറവിടം കണ്ടെത്താനും വ്യാപനം തടയാനുമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

എല്ലാം സജ്ജം

തൃശൂരിൽ ആവശ്യത്തിന് മരുന്നും സൗകര്യങ്ങളുമുൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഐസോലേഷൻ വാർഡുകൾ തയ്യാറാക്കിയ ഗവ. മെഡിക്കൽ കോളേജിലും, ജനറൽ ആശുപത്രിയിലും പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ട്. ഗവ. മെഡിക്കൽ കോളേജിൽ പനി ക്ലിനിക്, ചുമയുള്ള രോഗികളെ പ്രത്യേകം പരിചരിക്കുന്നതിനായി കഫ് കോർണർ എന്നിവയുമുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകരെയും തയാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും സർവ്വസജ്ജമാണ്.

​​- ഡോ. കെ.ജെ. റീന (ജില്ലാ മെഡിക്കൽ ഓഫീസർ)

സാധാരണപനി മാത്രം

''മൂന്നുപേർക്ക് സാധാരണ പനിമാത്രമാണുള്ളത്. അവർ വീടുകളിൽ വിശ്രമത്തിലാണ്. പനിബാധിതർക്ക് ആശുപത്രികളിൽ പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.''

​​- ഡോ. ടി.വി. സതീശൻ (ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ)

ജില്ലാ മെഡിക്കൽ ഓഫീസിലെ നിപ കൺട്രോൾ സെൽ നമ്പറുകൾ:

04872325329, 04872320466, 9447672961, 9447157765, 9037110537.

ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ നമ്പർ: 04872362424