തൃശൂർ: നഗരത്തിൽ താമസിച്ച വിദ്യാർത്ഥിക്ക് കൊച്ചിയിൽ ചികിത്സയിലിരിക്കേ നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും പൊലീസും അടക്കമുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങളും നടപടികളും പ്രതിരോധപ്രവർത്തനങ്ങളും ശക്തം. മൃഗസംരക്ഷണ വകുപ്പും വെറ്ററിനറി സർവകലാശാലയും വനം, വന്യജീവി വകുപ്പും രോഗബാധയുടെ ഉറവിടം കണ്ടെത്താനും വ്യാപനം തടയാനുമുള്ള നടപടികൾ തുടങ്ങി. അതേസമയം, സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജപ്രചാരകരെ കണ്ടെത്താൻ പൊലീസും ശ്രമം തുടങ്ങി. വായുവിലൂടെ രോഗം വ്യാപകമായി പകരുമെന്നും നിപയുടെ ഉറവിടം കോഴിയാണെന്നും തുടങ്ങി പനിയും തലവേദനയും വന്നാൽ രോഗം ഉറപ്പാണെന്നു വരെ പ്രചരണങ്ങളുണ്ട്. പലയിടങ്ങളിലും രോഗം സ്ഥിരീകരിച്ചുവെന്ന് വ്യാജവാർത്ത സൃഷ്ടിക്കുന്നവരെ അടക്കം പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

വൈറസ് ബാധയുള്ള വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമാണ് രോഗം വ്യാപിക്കുക. എന്നാൽ വായുവിലൂടെ തനിയെ വ്യാപിക്കുമെന്ന തരത്തിൽ ചിലർ വ്യാജപ്രചാരണം നടത്തി അനാവശ്യ ഭീതി സൃഷ്ടിച്ചിരുന്നു. കോഴിയും നിപയുമായി ബന്ധമില്ല. കോഴിയിറച്ചി കഴിക്കുന്നതിനെച്ചൊല്ലിയും വ്യാജ പ്രചാരണമുണ്ടായി. വവ്വാലിന്റെ വിസർജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും വൈറസ് വ്യാപിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പന്നിയിലൂടെയും പകരാം. വളർത്തുമൃഗങ്ങൾ വൈറസ് വാഹകരാകാൻ സാദ്ധ്യതയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗികമായി വിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ സർക്കാർ തന്നെ പ്രചരിപ്പിക്കുമ്പോഴാണ് അതിനെതിരെയുള്ള വ്യാജവാർത്തകളും വരുന്നത്.

തിരക്കൊഴിയുന്നു

ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുമ്പോഴും നിപ ഭീതി പരന്നുകഴിഞ്ഞു. പഴം, പച്ചക്കറി, മത്സ്യ, മാംസ മാർക്കറ്റുകളിലും ബസുകളിലും തിയേറ്ററുകളിലും തിരക്കൊഴിഞ്ഞു. പെരുന്നാളിന്റെ തലേന്നുണ്ടാവാറുള്ള കച്ചവടം ഉണ്ടായില്ലെന്നാണ് വ്യാപാരികളും പറയുന്നത്. വവ്വാലോ മറ്റ് ജീവികളോ കടിച്ചിട്ടില്ലെന്ന് ഉറപ്പുളള പഴങ്ങൾ നന്നായി കഴുകി തൊലി കളഞ്ഞു കഴിക്കാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിലത്തു വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം. കിണറുകളിലും മറ്റു ജലസ്രോതസുകളിലും വവ്വാലുകളുടെ വിസർജ്യം വീഴാതെ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. വെള്ളം തിളപ്പിച്ച ശേഷം ഉപയോഗിക്കാം. സോപ്പ് നല്ല പ്രതിരോധമാണ്. വവ്വാലുകളോ മറ്റോ ഉള്ള സാഹചര്യങ്ങളിൽ താമസിക്കുന്നവർ ഭക്ഷണം കഴിക്കുന്നതിന് മുൻപേ

സാേപ്പിട്ട് കൈകൾ കഴുകണം. സോപ്പ് ആൽക്കലി സ്വഭാവമുള്ളതിനാൽ വൈറസിനെ നശിപ്പിക്കും.

ആശുപത്രിയിൽ പോകുമ്പോൾ തൂവാല കയ്യിൽ കരുതണം. ചുമച്ചുകഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകണം. ടിഷ്യു പേപ്പറുകൾ, മാസ്‌ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുതെന്നും കാണുന്നിടത്തെല്ലാം തുപ്പരുതെന്നുമുളള നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്.