കുന്നത്തങ്ങാടി: അരിമ്പൂരിൽ നിരോധിത കളനാശിനി പ്രയോഗത്തിനെതിരെ പ്രദേശവാസികൾ. സ്കൂൾ തുറക്കാനിരികെ ഇതോട് ചേർന്നുള്ള അംഗൻവാടിയിലും ഉപയോഗിക്കേണ്ടി വരുന്നത് ഈ പ്രദേശത്തു കൂടി ഒഴുകിയെത്തുന്ന ജലമെന്ന് നാട്ടുകാർ. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമായി.
അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന വിളക്കുമാടം പടവിലാണ് നിരോധിത കളനാശിനി വ്യാപകമായി ഉപയോഗിച്ചതായി പ്രദേശവാസികൾ പറയുന്നത്. മാരക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിദേശങ്ങളിൽ വരെ നിരോധിച്ച റൗണ്ടപ്പ് എന്ന ഗ്ലൈഫോസേറ്റ് മിശ്രിതമാണ് ഇവിടെ പ്രയോഗിച്ചതെന്നാണ് ആരോപണം. സമീപത്തുള്ള വീട്ടുകാർ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും കീടനാശിനി തളിക്കുകയായിരുന്നു. തളിച്ച സ്ഥലങ്ങളിലെല്ലാം പുല്ല് കരിഞ്ഞുണങ്ങി. മരുന്നു തളിച്ച പ്രദേശവും വീടുകളുമായി മീറ്ററുകളുടെ അകലം മാത്രമാണുള്ളത്. വീടുകളിലെ കിണറുകളിലേക്കും സമീപത്തെ തോട്ടിലൂടെ വിഷാംശം എത്തുമെന്നാണ് നിഗമനം. ഇത് സംബന്ധിച്ച് മന്ത്രി വി.എസ്. സുനിൽ കുമാറിന് പരാതി നൽകിയതായി പ്രദേശവാസിയായ കുന്നൻ വീട്ടിൽ സേവ്യർ പറഞ്ഞു. അതോടൊപ്പം മരുന്നു തളിച്ച സ്ഥലത്തു നിന്നും 30 മീറ്ററോളം മാത്രം അകലത്തിലാണ് അരിമ്പൂർ പഞ്ചായത്തിന്റെ കണ്ടങ്കായി കുളം. ചാലിലൂടെ ഈ കുളത്തിലെത്തുന്ന വെള്ളത്തിലും വിഷാംശം ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഈ കുളത്തിലെ വെള്ളമാണ് ചേർന്നുള്ള ക്യാപ്ടൻ ലക്ഷ്മി അംഗൻവാടിയിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. പുതിയതായി കിണർ കുത്തിയെങ്കിലും ഈ കുളത്തിലെ വെള്ളമാണ് അതിലേക്ക് ഒഴുകിയെത്തുന്നത്. സ്കൂൾ തുറക്കാറായതോടെ അംഗൻവാടിയിലെത്തുന്ന കുട്ടികൾക്ക് ശുദ്ധജലം എത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
..................................................
വർഷങ്ങളായി കൃഷിയിറക്കാതെ കിടന്ന പ്രദേശത്ത് നിലം ഒരുക്കുന്നതിന്റെ ഭാഗമായി നിരോധിക്കാത്ത കളനാശിനിയാണ് ഉപയോഗിച്ചിട്ടുള്ളത്. ആശങ്ക വേണ്ട.
സുജാത മോഹൻ ദാസ് (അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
ജനങ്ങളുടെ ആരോഗ്യമാണ് വലുത്. ജനങ്ങളെ മാരക രോഗങ്ങളിലേക്ക് തള്ളിവിടാൻ കഴിയില്ല. കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥർ അടക്കം ഗ്ലൈഫോസേറ്റ് ഉപയോഗത്തിൽ ചില അയവേറിയ സമീപനം എടുത്തത് കൊണ്ടാണ് കർഷകർ ഈ നിലപാടെടുത്തത്. എൻഡോസൾഫാൻ നിരോധിച്ചപ്പോൾ എടുത്ത നിലപാടാണ് ഇക്കാര്യത്തിലും ഗവൺമെന്റ് എടുത്തിരിക്കുന്നത്. ഗ്ലൈഫോസേറ്റിന്റെ വില്പനക്കുള്ള എല്ലാ ലൈസൻസുകളും റദ്ദാക്കി.
മന്ത്രി വി.എസ്. സുനിൽ കുമാർ