മാള: പ്രളയത്തിന് ശേഷം അതിജീവനത്തിനായി കൃഷിയിറക്കിയവർ നെല്ലിന് വില കിട്ടാതെ വലയുന്നു. കുഴൂർ, അന്നമനട പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന തുമ്പരശ്ശേരി, അടൂപാടം പാടശേഖരങ്ങളിൽ നിന്ന് സപ്ലൈകോ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നൂറ് കണക്കിന് ടൺ നെല്ലിന്റെ വിലയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. നെല്ലിന്റെ വില ലഭിക്കാത്തതിനാൽ കർഷകർ ദുരിതത്തിലാണ്.
മുൻകാലങ്ങളിൽ സപ്ലൈകോ നെല്ല് സംഭരിച്ച് കൊടുത്താൽ ഒരാഴ്ചയ്ക്കുള്ളിൽ കർഷകന് വില ബാങ്ക് അക്കൗണ്ടിൽ എത്തുമായിരുന്നു. പ്രളയത്തിൽ വൻ നാശഷ്ടങ്ങൾ സംഭവിച്ച കർഷകന് കഴിഞ്ഞ സീസണിൽ വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഈ വർഷം ആദ്യം കൃഷിയിക്കിയവർക്ക് മികച്ച വിളവ് ലഭിച്ചിരുന്നെങ്കിലും വേനൽ മഴയിൽ മിക്കവാറും കർഷകരുടെ വയ്‌ക്കോൽ പുർണ്ണമായും നശിച്ചിരുന്നു. നിരവധി കർഷകർ വായ്പ്പയെടുത്താണ് കൃഷിയിറക്കിയിരുന്നത്.
സപ്ലൈകോ പണം നൽകാത്തത് കർഷകരെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. എത്രയും വേഗം കർഷകർക്ക് നെല്ല് വില ലഭിക്കാൻ നടപടിയുണ്ടാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പോൾസൺ കൊടിയൻ, തുമ്പരശ്ശേരി അടൂപ്പാടം പാടശേഖര സമിതികളുടെ സെക്രട്ടറിമാരായ കെ.ഒ. വർക്കി കൊടിയൻ, ഷൈജു പള്ളിപ്പാടൻ എന്നിവർ ആവശ്യപ്പെട്ടു.