പുതുക്കാട്: വീണ്ടും നിപ ഭീഷണി നാടെങ്ങും പടരുമ്പോൾ ഭീതിയിലാണ്ടു കഴിയുകയാണ് പുതുക്കാട്. കേളിപാടത്തോട് ചേർന്നുള്ള ആൾതാമസമില്ലാത്ത വീട്ടുപറമ്പിലെ പാഴ്മരങ്ങളിൽ ആയിരക്കണക്കിന് വവ്വാലുകലാണ് താവളമാക്കിയിട്ടുള്ളത്. കാൽ നൂറ്റാണ് മുമ്പാണ് ഇവിടെ വവ്വാലുകൾ ചേക്കേറിയത്.
പാലിയേക്കരയിലെ ശ്രീ ഭദ്രകാളി ക്ഷേത്രത്തോട് ചേർന്ന് നിന്നിരുന്ന ആൽമരത്തിലായിരുന്നു ഇവരുടെ വാസം. പ്രായാധിക്യത്താൽ ആൽമരം നിലംപൊത്തിയതോടെ വവ്വാലുകൾ പുതുക്കാട് അനുയോജ്യമായ താമസ സ്ഥലം തിരഞ്ഞെടുത്തു. പുലർച്ചെയാകുന്നതോടെ കലപില ശബ്ദത്തോടെ ആയിരക്കണക്കിന് വവ്വാലുകൾ ഒന്നിച്ച് വട്ടമിട്ട് പറക്കും. ഇവരുണ്ടാക്കുന്ന ശബ്ദം പരിസരവാസികൾക്ക് അരോചകമാണ്.
പുരാതന നായർ തറവാടായിരുന്ന ഇവിടെ വർഷങ്ങളായി ആൾ താമസം ഇല്ലാതായതും സർപ്പക്കാവിലെ വൻ മരങ്ങളിലെ വാസവും വവ്വാലുകൾക്ക് സുരക്ഷിത താവളമായി. ഇതിനാൽ തന്നെ ഇവരുടെ വംശവർദ്ധനവ് നടക്കുന്നു. നിപ വൈറസ് ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ വവ്വാൽക്കൂട്ടം ഭീതിയുടെ ദിനങ്ങളാണ് നൽകുന്നത്. പഞ്ചയത്ത് മുൻകൈയെടുത്ത് വവ്വാലുകളെ തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.