തൃശൂർ: നിപ വൈറസ് ബാധയെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. നിലവിൽ ആശങ്കാ ജനകമായ സാഹചര്യം ഇല്ലെന്നും ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധമെന്നും മന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞു. നിപ രോഗത്തിനെതിരെ ജില്ലാതലത്തിൽ സജ്ജമാക്കിയ തയ്യാറെടുപ്പുകളെ സംബന്ധിച്ചും ഇനി നടത്താനുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്ത ഉന്നതതല യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ. രാജൻ, മുരളി പെരുനെല്ലി, അനിൽ അക്കര, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ ടി.വി. അനുപമ , സിറ്റി പൊലിസ് കമ്മിഷണർ യതീഷ് ചന്ദ്ര, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. മറിയാമ്മ ജോൺ, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എം.എ. ൊആൻഡ്രൂസ്, ആരോഗ്യ വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.