ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ സുരക്ഷ ശക്തം. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തുക. ശനിയാഴ്ച രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മുറി നൽകുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ലോഡ്ജുടമകളെയും ഉത്തരവാദിത്വപ്പെട്ട ജീവനക്കാരെയും ഉൾപ്പെടുത്തി പൊലീസ് യോഗം വിളിച്ചു.
ഗുരുവായൂരിൽ മൊത്തം 140 ലോഡ്ജുകളാണുള്ളത്. ക്ഷേത്രപരിസരത്തുമാത്രം 60 ഓളം ലോഡ്ജുകളുണ്ട്. ക്ഷേത്രപരിസരത്തും ഇന്നർ റിംഗ് റോഡുകളിലുമുള്ള ലോഡ്ജുകൾക്കായിരിക്കും നിയന്ത്രണം കൂടുതൽ ബാധകമാകുക. പ്രധാനമന്ത്രിയുടെ വാഹനം വരുന്ന റോഡുകൾക്കു സമീപമുള്ള ലോഡ്ജുകളിൽ പുറത്തേക്ക് മുഖമുള്ള മുറികൾ താമസത്തിന് കൊടുക്കരുതെന്ന് നിർദ്ദേശമുണ്ട്. അന്നേദിവസം മുറിയെടുക്കാൻ വരുന്നവരുടെ മുഴുവൻ വിവരങ്ങളും സൂക്ഷിക്കണം. എല്ലാ ലോഡ്ജുകളിലും നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. മുറിയെടുക്കാൻ വരുന്നവരുടെ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമായും വാങ്ങിവയ്ക്കണം. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ അടിയന്തരമായി പൊലീസിനെ അറിയിക്കണം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഗുരുവായൂർ എ.സി.പി: ബിജുരാജിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഗുരുവായൂർ സി.ഐ: പ്രേമാനന്ദ കൃഷ്ണൻ, ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളായ ജി.കെ. പ്രകാശൻ, മോഹനകൃഷ്ണൻ ഓടത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു. പൊലീസ് മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ അനുസരിക്കുന്നുണ്ടോ എന്നറിയാൻ ലോഡ്ജുകളിൽ പരിശോധന ശക്തമാക്കും. ഇതിനായി പ്രത്യേകം പൊലീസ് സംഘത്തെ വിന്യസിക്കും.