തൃശൂർ: ചരിത്രത്തിൽ സാക്ഷ്യപ്പെടുത്തി ജീവിതവഴിയിൽ വെളിച്ചം പകർന്ന തങ്ങളുടെ സ്വന്തം കെട്ടിടത്തിന് ദീപാരാധന നടത്തിയും സെൽഫിയെടുത്തും അവർ വിടപറഞ്ഞു. പടിയിറങ്ങുമ്പോൾ ഇനി ഒരിക്കലും കാണാനാകില്ലല്ലോ എന്ന മനസിന്റെ വിങ്ങലും തിരിഞ്ഞു നോട്ടവും. തൃശൂർ നഗരത്തിന് തീർത്തും അന്യമായ അനുഭവം.

പട്ടാളം റോഡ് വികസനത്തിനായി പൊളിക്കുന്ന പോസ്റ്റ് ഓഫീസിനാണ് ജീവനക്കാർ ഇന്നലെ സന്ധ്യക്ക് മെഴുകുതിരി കത്തിച്ച് കൂപ്പ് കൈകൾ നേർന്നത്. അതൊരു യാത്രാമൊഴിയായി. പട്ടാളം റോഡ് വികസനത്തിനായിട്ടാണ് പഴയ സ്പീഡ്‌ പോസ്റ്റ് ഓഫീസ് പൊളിക്കാൻ തീരുമാനിച്ചത്. കരാർ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.
ഓഫീസിലെ 15 ജീവനക്കാർ തൊട്ടടുത്തുള്ള കോർപറേഷൻ കെട്ടിടത്തിലേക്ക് മാറുകയാണ്. കടുത്ത വേനലിലും വറ്റാത്ത കിണറും വെളിച്ചവും വായുവും ധാരാളം പ്രവഹിക്കുന്ന മുറികളും ചൂടിനെ പ്രതിരോധിക്കുന്ന തട്ടിട്ട മുറികളും ഉദ്യോഗസ്ഥർക്ക് വീട് പോലെയായിരുന്നു.
നാളെ മുതൽ കോർപറേഷൻ ബിൽഡിംഗിലെ കെട്ടിടത്തിലാണ്‌ പോസ്റ്റ് ഓഫീസ് പ്രവർത്തനം. ഇന്നലെ ജീവനക്കാരുടെ മേൽനോട്ടത്തിൽ സാധനസാമഗ്രികളും രേഖകളുമെല്ലാം പുതിയ സ്ഥലത്തെത്തിച്ചു. രേഖകൾ കൊണ്ടുപോകും മുൻപായിരുന്നു ജീവനക്കാർ പോസ്റ്റ് ഓഫീസ് മതിൽക്കെട്ടിന് ചുറ്റും വിളക്ക് വച്ചത്.

ശക്തന്രെ നിർമ്മാണം
തൃശൂർ നഗരത്തിന്റെ ശിൽപ്പിയായ ശക്തൻ തമ്പുരാൻ തന്നെയാണ് പഴയ പോസ്റ്റ് ഓഫീസ് കെട്ടിടവും നിർമ്മിച്ചതെന്നാണ് കരുതുന്നത്. രാജകുടുംബത്തിലെ സ്ത്രീകൾ തോഴിമാർക്കൊപ്പം തൃശൂർ പൂരം കുടമാറ്റവും തെക്കോട്ടിറക്കവും കണ്ടിരുന്നത് ഇവിടെ നിന്നായിരുന്നു. 1990കളുടെ തുടക്കത്തിലാണ് തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫീസ് ഇവിടെ പ്രവർത്തനം തുടങ്ങുന്നത്.