kdivellam-shamam
സംഘടനകൾ സൗജന്യമായി കുടിവെള്ളം എത്തിക്കുന്നു

കയ്പ്പമംഗലം: കുടിവെള്ളം കിട്ടാകനിയായ എടത്തിരുത്തിയിൽ ദാഹജലത്തിനായി വലഞ്ഞ് പ്രളയ ദുരിത ബാധിതർ. എടത്തിരുത്തി പഞ്ചായത്തിലെ 1 മുതൽ 6 വരെയുള്ള വാർഡുകളിലും 14 ാം വാർഡിലുമാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നത്. കാലങ്ങളായി അനുഭവിക്കുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് എടത്തിരുത്തി പഞ്ചായത്തിൽ നിരവധി പദ്ധതികളാണ് കൊണ്ടു വന്നത്. എന്നാൽ നിലച്ചു പോയ ഈ പദ്ധതികൾക്ക് ഇപ്പോൾ പരിഹാരമായിട്ടുള്ളത് പഞ്ചായത്തിന്റെ പദ്ധതിയിൽ ടാങ്കർ ലോറിയിൽ എത്തിക്കുന്ന കുടിവെള്ള വിതരണം മാത്രം.

കുടിവെള്ള ക്ഷാമം നേരിടുന്ന സമീപ പ്രദേശത്തെ പഞ്ചായത്തുകളിൽ ദിനം പ്രതി അഞ്ചും ആറും ടാങ്കർ ലോറികൾ എത്തുമ്പോൾ എടത്തിരുത്തിയിൽ പലപ്പോഴും ഒരു ടാങ്കർ ലോറി വെള്ളം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു. തൊട്ടടുത്തുകൂടെ പോകുന്ന കനോലി കനാലിൽ ജനുവരി മുതൽ ജൂലായ് മാസം വരെ ഉപ്പുവെള്ളമായതിനാൽ പ്രദേശങ്ങളിലെ കുളങ്ങളിലും കിണറുകളിലും ഉപ്പുനിറഞ്ഞ ഓരുവെള്ളമാണ്. ഇതു പരിഹരിക്കുന്നതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.8 കോടി രൂപ ഉപയോഗിച്ച് മൂന്നു വർഷം മുമ്പ് ഉദ്ഘാടനം ചെയ്താരംഭിച്ച ചിറക്കൽ ചെറുപുഴ പദ്ധതി കരാറുകാരന്റെയും അധികൃതരുടെയും പിടിപ്പുകേടു മൂലം നിലച്ചു. മറ്റു പദ്ധതികളായ കടലായികുളം, രാമൻകുളം പദ്ധതിയും, സംസ്ഥാന സർക്കാരിന്റെ കീയോസ്‌ക് പദ്ധതിയും, കരുവന്നൂർ ഇല്ലിക്കാട് ജലവിതരണ പൈപ്പ് ലൈൻ പദ്ധതിയും സാങ്കേതിക തടസം പറഞ്ഞ് മേശപുറത്ത് പൊടിപിടിച്ചിരിക്കുന്നു. ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സൗജന്യമായി മേഖലയിൽ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

.....................

ലക്ഷങ്ങൾ മുടക്കിയ കുടിവെള്ള പദ്ധതികളെല്ലാം ജനങ്ങൾക്ക് ഉപകരിക്കാതെ പോയത് പഞ്ചായത്ത് ഭരണ സമിതിയുടെ കാര്യക്ഷമയില്ലായ്മയും അനാസ്ഥയും മൂലമാണ്

- കോൺഗ്രസ് എടത്തിരുത്തി മണ്ഡലം കമ്മിറ്റി

കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കും

- ആർ.എം.പി.ഐ നേതാവ് ടി.എൻ. ഷാജി

എന്നാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സത്വര നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി നിയന്ത്രണമാണ് കുടിവെള്ള ടാങ്കറുകൾ വൈകാൻ കാരണമായത്.

- ബൈന പ്രദീപ് (എടത്തിരിത്തി പഞ്ചായത്ത് പ്രസിഡന്റ്)