school-reopening

ചെമ്പൂച്ചിറ : (തൃശൂർ) അടുത്ത അദ്ധ്യയന വർഷത്തെ പ്രവേശനോത്സവ ദിവസം ഒന്ന് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്നും ഇതിനായുള്ള ക്രമീകരണം ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുവതയെ തകർക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയയെ തുരത്തുന്നതിന് അടിയന്തര പ്രാധാന്യം നൽകും. ഇതിനായി പൊലീസ്, എക്‌സൈസ്, പി.ടി.എ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അദ്ധ്യയനം ആരംഭിക്കുന്ന ദിവസം തന്നെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കുന്നതാണ് വാർത്തയാകേണ്ടതെന്നും തമാശരൂപേണ മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ മുഖ്യാതിഥിയായി. എം.എൽ.എമാരായ ബി.ഡി ദേവസി, ഇ.ടി. ടൈസൺ, കെ.യു. അരുണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ ഡിക്‌സൺ, ജയന്തി സുരേന്ദ്രൻ, മഞ്ജുള അരുൺ, പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രൻ, ജില്ലാ കളക്ടർ ടി.വി. അനുപമ, ഡയറക്ടർ ഒഫ് ജനറൽ എജ്യുക്കേഷൻ കെ. ജീവൻ ബാബു, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ജെസി ജോസഫ്, സമഗ്ര ശിക്ഷാ പ്രൊജക്ട് ഡയറക്ടർ ഡോ.എ.പി. കുട്ടിക്കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് മധു തൈശുവളപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.