subrahmanyan
സുബ്രഹ്മണ്യൻ കുരുത്തോല കരവിരുതിൽ

മാള: സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിൽ കുരുന്നുകളെ വരവേറ്റ് മുഖ്യമന്ത്രി അണിയിച്ചത് സുബ്രഹ്മണ്യന്റെ കരവിരുതിൽ നെയ്തെടുത്ത തൊപ്പികൾ. ചെമ്പൂച്ചിറയിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസിലെ മുൻനിരയിലെ ചെറിയ കസേരകളിൽ ഇരുന്നിരുന്ന കുട്ടികളെയാണ് കുരുത്തോല കൊണ്ടുള്ള തൊപ്പി അണിയിച്ചത്. ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികളെയാണ് തൊപ്പി അണിയിച്ച് സ്വീകരിച്ചത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചതിനാലാണ് ഇത്തരത്തിലൊരു മാറ്റം. മാളയ്ക്കടുത്തുള്ള പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശിയായ പള്ളിയിൽ സുബ്രഹ്മണ്യനാണ് കുരുത്തോല കൊണ്ട് മനോഹരമായ തൊപ്പി നിർമ്മിച്ചത്. കൂടാതെ വേദിയിൽ പ്രവേശനോത്സവത്തിന് തിരി തെളിക്കാനുള്ള വിളക്കും സുബ്രഹ്മണ്യന്റേതായിരുന്നു.

സുബ്രഹ്മണ്യനും സുഹൃത്തുക്കളായ ആറ് പേരും ചേർന്ന് 65 തൊപ്പികളാണ് നിർമ്മിച്ചത്. തൊപ്പികൾ നിർമ്മിക്കാനായി 20 കുരുത്തോലകളാണ് ഉപയോഗിച്ചതെന്നും ഒന്നര ദിവസം കൊണ്ടാണ് വിളക്ക് അടക്കം പൂർത്തീകരിച്ചതെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. കുരുത്തോല ഉപയോഗിച്ചുള്ള കരവിരുതിൽ സുബ്രഹ്മണ്യന്റെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞാണ് സംസ്ഥാന പ്രവേശനോത്സവത്തിലേക്ക് തൊപ്പി നിർമ്മാണത്തിന് ചുമതലപ്പെടുത്തിയത്. തെങ്ങോല മാത്രം ഉപയോഗിച്ച്‌ ചിത്രങ്ങൾ ഒരുക്കുന്നുവെന്നതാണ് മറ്റു കലാകാരന്മാരിൽ നിന്ന് സുബ്രഹ്മണ്യനെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫുട്‍ബാൾ നാളുകളിൽ അർജന്റീനയുടെ സൂപ്പർ താരം മെസി, നെയ്മർ, റൊണാൾഡോ അടക്കമുള്ള താരങ്ങളെ ഓലയിൽ രൂപപ്പെടുത്തിയിരുന്നു. കുടുംബ ക്ഷേത്രങ്ങളിൽ കളമെഴുത്ത് പാട്ടിനായി പോകുന്നതിനിടയിലാണ് സുബ്രഹ്മണ്യൻ കുരുത്തോല കൊണ്ട് വിവിധ രൂപങ്ങൾ നിർമ്മിച്ചു തുടങ്ങിയത്.