തൃശൂർ: ചോദിക്കാനും പറയാനും ആരുമില്ലെന്ന ചില ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തി വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്ന് നിയുക്ത എം.പി. ടി.എൻ. പ്രതാപൻ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. കുതിരാൻ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും ആദ്യ പരിഗണന. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിക്ക് മാത്രമായി നിയമം മറികടക്കുന്നുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും.
മഴക്കാലത്തിന് മുമ്പ് കുതിരാനിലെ പ്രശ്‌നം പരിഹരിക്കാൻ മന്ത്രിമാർ, ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തും. കേന്ദ്ര പദ്ധതികൾ വിവിധ ഏജൻസികൾ വഴിയാണ് നടപ്പിലാക്കുന്നത്. അതുസംബന്ധിച്ച് ആദ്യം പഠനം നടത്തും. നിലവിൽ തുടരുന്ന പദ്ധതികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. പല പദ്ധതികളും അനന്തമായി നീളാൻ കാരണം ഉദ്യോഗസ്ഥരുടെ നിലപാടാണ്. 15 വർഷം എം.എൽ.എ ആയിരുന്നപ്പോൾ ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവണതകളെ മൂന്ന് മാസത്തിലൊരിക്കൽ പദ്ധതി റിവ്യൂ ചെയ്താണ് ഞാൻ മറികടന്നത്. അത്തരമൊരു രീതി എം.പി ആയാലും സ്വീകരിക്കും.
അതോടൊപ്പം ഉദ്യോഗസ്ഥർക്ക് എല്ലാവിധ പിന്തുണയും നൽകും. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം നോക്കില്ല. മഴക്കാലത്ത് കുതിരാനിൽ ഗതാഗതകുരുക്ക് കൂടുതലാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പണി പൂർത്തീകരിച്ച ഒരു തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് മന്ത്രിമാരുമായി ചർച്ച നടത്തും. പാലിയേക്കരയിൽ ജീവനക്കാർ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഗുരുവായൂരിൽ ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കാനുള്ള പദ്ധതിക്ക് രൂപം നൽകുമെന്നും പ്രതാപൻ പറഞ്ഞു.
തൃശൂരിന് മുസിരീസ് മോഡൽ പദ്ധതി
എം.എൽ.എ ആയിരിക്കുമ്പോൾ കൊടുങ്ങല്ലൂരിൽ നടപ്പിലാക്കിയ മുസ്‌രീസിന് സമാനമായി തൃശൂരിൽ സാംസ്‌കാരിക-തീർത്ഥാടന-പരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പിലാക്കും. ഇതിന് ഏത് പേരിടണമെന്നത് ജനങ്ങൾക്ക് തീരുമാനിക്കാം. ഇഷ്ടമുള്ള പേര് എന്നെ അറിയിക്കാം. അനുയോജ്യമായ പേര് തിരഞ്ഞെടുക്കുമെന്നും പ്രതാപൻ പറഞ്ഞു.