തൃശൂർ: നഗര പ്രാന്ത പ്രദേശങ്ങളിലെ പച്ചപ്പ് നിലനിറുത്തുന്നതിന് വഴികാട്ടിയായി കാർഷിക സർവകലാശാല മൊബൈൽ ആപ്പ് പുറത്തിറക്കി. ഓരോ പ്രദേശത്തിനും ഉപയോഗത്തിനും അനുയോജ്യമായ വിവിധ ഇനം വൃക്ഷങ്ങളുടെ ശാസ്ത്രീയനാമം, ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പേര്, തരം, നിറം തുടങ്ങിയ വിവരങ്ങൾ വിരൽ ത്തുമ്പിൽ ലഭ്യമാക്കുന്നതാണ് ആപ്പ്. വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്ര ബാബു പ്രകാശനം ചെയ്തു. ഡീൻ ഡോ. കെ. വിദ്യാസാഗർ അദ്ധ്യക്ഷനായി. ഹരിതവത്കരണത്തിനായി ആവിഷ്‌കരിച്ച പച്ചത്തുരുത്തിന്റെ മാതൃകയുടെ നിർമാണം പരിസ്ഥിതി ദിനത്തിൽ വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തു. ജപ്പാനിൽ ഉദ്ഭവിച്ച മിയാവാക്കി മാതൃകയിലാണ് സർവകലാശാല പച്ചത്തുരുത്ത് നിർമിക്കുന്നത്. കുറഞ്ഞ ഭൂവിസ്തൃതിയിൽ കൂടുതൽ മരങ്ങൾ എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. വേഗം വളരുന്നതും താരതമ്യേന കുറഞ്ഞ പരിചരണം മതിയാകുന്നതുമായ നാടൻ ഇനങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ മാതൃക നഗരങ്ങൾക്ക് അനുയോജ്യമാണെന്ന് വനശാസ്ത്ര വിദഗ്ധർ പറഞ്ഞു...