തൃശൂർ: മഴക്കാലം ആരംഭിക്കാനിരിക്കെ മണ്ണുത്തി - വടക്കുഞ്ചേരി ആറുവരി പാതയിൽ അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നതിലും ഗുരുതര വീഴ്ച. പ്രളയകാലത്ത് രണ്ട് പേർ മരിക്കുകയും നിരവധി വാഹനങ്ങൾ അകപ്പെടുകയും ചെയ്ത മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ നീക്കാൻ പോലും അധികൃതർക്കായില്ല. ചെറിയ മഴച്ചാറ്റൽ ഉണ്ടായാൽ ഇപ്പോൾ രണ്ടു മണിക്കൂറിലധികമാണ് ഈ മേഖലയിൽ ഗതാഗതക്കുരുക്ക്. കുതിരാൻ തുരങ്കത്തിന്റെ പണി ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്നായിരുന്നു കരാർ കമ്പനിയുടെ വാഗ്ദാനം.
കഴിഞ്ഞ സെപ്തംബറിലാണ് കമ്പനി ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയത്. എട്ട് മാസം കഴിഞ്ഞിട്ടും നിർമ്മാണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കുതിരാൻ തുരങ്കത്തിന്റെ വശങ്ങളും മുകൾഭാഗവും ഇടിയുന്നതിനാൽ ബലപ്പെടുത്തൽ നടത്തണം. ഇതിന് കേന്ദ്ര വനം വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. അനുമതി യഥാസമയം ലഭിക്കുകയും പണി വേഗത്തിലാക്കുകയും ചെയ്തിരുന്നെങ്കിൽ മഴക്കാലത്തിന് മുമ്പേ പണി പൂർത്തിയാകുമായിരുന്നു. മഴക്കാലത്ത് പണികൾ ഇഴഞ്ഞു നീങ്ങുകയാണ് പതിവ്. ആറുവരിപ്പാതയുടെ പണി കഴിഞ്ഞ വർഷം ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്ന് മരാമത്ത് മന്ത്രി ജി. സുധാകരൻ ഈയിടെ പ്രഖ്യാപിച്ചിരുന്നു. കരാർ കാലാവധി കഴിഞ്ഞ വർഷം സെപ്തംബറിലാണ് അവസാനിച്ചിരുന്നു. ഇതിന് ശേഷമാണ് ഒരു വർഷം കൂടി സാവകാശം ചോദിച്ച് കരാർ കമ്പനി കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
പ്രശ്‌നങ്ങളുണ്ട്...
തുരങ്കത്തിന്റെ സമീപ പ്രദേശങ്ങൾ സർക്കാർ ഏറ്റെടുത്ത് തരാത്തതാണ് ഈ മേഖലയിലെ പണി വൈകാൻ കാരണം. സ്വകാര്യ വ്യക്തിയുടെ ഭൂമിയും പീച്ചി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള ഭൂമിയും കൈമാറിയിട്ടില്ല. തുരങ്കത്തിൽ അഗ്‌നിശമന സംവിധാനം ഒരുക്കാൻ വെള്ളം ലഭ്യമാക്കുന്നതിന് കുഴൽ കിണർ കുഴിക്കുന്നതിന് വനംവകുപ്പ് അനുമതി തന്നിട്ടില്ല. തുരങ്കത്തിന്റെ കവാടങ്ങൾ ബലപ്പെടുത്തുന്ന പണികൾക്കും അനുമതിയില്ല. ഇതെല്ലാം ലഭിച്ചാലേ ഒരു തുരങ്കമെങ്കിലും ഗതാഗതത്തിനു തുറന്നു കൊടുക്കാനാകൂ. തുരങ്കത്തിന്റെ ഇരുവശത്തുമുള്ള പ്രവേശന കവാടങ്ങൾക്ക് മുകളിൽ അപകടകരമായി നിലകൊള്ളുന്ന മണ്ണു നീക്കണമെന്ന് മുൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിനുള്ള അനുമതിയും വനംവകുപ്പ് നൽകിയിട്ടില്ല. ഡ്രൈവർമാർക്കു വിശ്രമിക്കാൻ ട്രക്കുകൾക്ക് നിറുത്തിയിടുന്നതിനുള്ള പാർക്കിംഗ് ഏരിയയും സജ്ജമാക്കിയിട്ടില്ല. സർവീസ് റോഡിനുള്ള 5.7 കിലോമീറ്റർ സ്ഥലവും ഏറ്റെടുത്തിട്ടില്ല.
മനുഷ്യാവകാശ കമ്മിഷൻ
ഉത്തരവും നടപ്പാക്കിയിട്ടില്ല
മഴയ്ക്ക് മുമ്പ് അപകടകരമായ അവസ്ഥ മാറ്റി റോഡ് ടാർ ചെയ്ത ഗതാഗത യോഗ്യമാക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവും ഇതുവരെ ഫലം കണ്ടില്ല. മുളയത്ത് കുറച്ചു ഭാഗം ടാറിട്ടതൊഴിച്ചാൽ മറ്റ് പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സുപ്രിംകോടതി വരെ പോകും- ഷാജി കോടങ്കണ്ടത്ത് (ഡി.സി.സി. സെക്രട്ടറി)