തൃശൂർ: ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂർ വടക്കുന്നാഥനിലെത്തി ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. ബാലഭാസ്‌കറും കുടുംബവും നടത്തിയ വഴിപാടിന്റെ രശീതി, കൂത്തിന് അനുമതി നൽകിയ ഫയൽ, മറ്റ് നടപടിക്രമങ്ങൾ എന്നിവയുടെ പകർപ്പുകൾ സംഘം ശേഖരിച്ചു. വഴിപാടിന്റെ ഫലസിദ്ധിയെക്കുറിച്ചും ജീവനക്കാരോട് ചോദിച്ചറിഞ്ഞു.
ഇന്നലെ രാവിലെ 11ഓടെ ക്ഷേത്രം ഓഫീസിലെത്തിയ സംഘം മാനേജർ സുരേഷ്, മറ്റ് ജീവനക്കാർ എന്നിവരുമായും സംസാരിച്ച് 12.30 ഓടെ മടങ്ങി. മൂന്ന് ദിവസം നീണ്ട മത്തവിലാസം കൂത്താണ് വഴിപാടായി ബാലഭാസ്‌കറും കുടുംബവും ക്ഷേത്രത്തിൽ നടത്തിയത്. നിലവിലുള്ള മാനേജർ സുരേഷ് അടുത്തിടെയാണ് ക്ഷേത്രത്തിൽ ചുമതലയേറ്റത്. അതിനാൽ മൂന്ന് ദിവസവും കൂത്ത് കാണാൻ ബാലഭാസ്‌കറും കുടുംബവും ഉണ്ടായോയെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. സന്താന സൗഭാഗ്യത്തിനായി നേരുന്ന വഴിപാടാണ് മത്തവിലാസം കൂത്ത്. കഴിഞ്ഞ വർഷം സെപ്തംബർ 22, 23, 24 തീയതികളിലാണ് ക്ഷേത്രത്തിൽ കൂത്ത് നടന്നത്. 24ന് ക്ഷേത്രത്തിൽ നിന്ന് മടങ്ങും വഴിയാണ് ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്.