തൃശൂർ: നിപ ബാധിച്ച രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട പുതിയ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ ദിവസം റിപോർട്ട് ചെയ്ത 36 പേരിൽ രണ്ടുപേരൊഴികെ മറ്റുള്ളവരെ ലോ റിസ്‌ക് കാറ്റഗറിയിലും ഉൾപ്പെടുത്തി. രണ്ടുപേരെ മോഡറേറ്റ് റിസ്‌കിലാണ് ഉൾപ്പെടുത്തിയത്. ഒരാൾ പോലും ഹൈ റിസ്‌ക് കാറ്റഗറിയിലില്ല. നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നു പേരുടെ പനി സാധാരണ പാരസെറ്റമോൾ കഴിച്ചപ്പോൾ മാറി. നിരീക്ഷണത്തിലുള്ള ആരിലും ആശങ്കാജനകമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിപാ ഭീതിയിൽ നിന്ന് തൃശൂർ ഒഴിവായെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ആരോഗ്യ വകുപ്പ് ജില്ലയിൽ തുടരുകയാണ്. നിപ വൈറസിന്റെ ഉറവിടം സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലും ആശങ്കയുള്ള ഒന്നും കണ്ടെത്താനായില്ല.

പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി ഓഫീസിലെ ചീഫ് വെറ്ററിനറി ഓഫീസർ സോജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അയ്യന്തോൾ, ഒല്ലൂർ എന്നിവിടങ്ങളിലെ അഞ്ചിലധികം പന്നി ഫാമുകളിലായിരുന്നു പരിശോധന നടത്തിയത്. പന്നികളിൽ അസ്വാഭാവികമായ മാറ്റം കണ്ടെത്താനായില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിൽ സംശയം തോന്നുകയാണെങ്കിൽ തൊട്ടടുത്ത മൃഗാശുപത്രിയിൽ വിവരം അറിയിക്കാൻ ഫാം ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ പറവട്ടാനിയിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

നിപ : ബോധവത്കരണ ക്ലാസ് ഇന്ന്


യുവജന ക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പത്ത് മുതൽ നിപ വൈറസ് സംബന്ധിച്ച ബോധവത്കരണ ക്‌ളാസും ജില്ലാ മാനസിക ആരോഗ്യ കേന്ദ്രം ശുചീകരണ പരിപാടിയും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്യും.

സംശയ നിവാരണത്തിന് വിളിക്കാം


ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ഡോക്ടറോട് ചോദിക്കാം. ലൈവ് ഫോൺ ഇൻ പരിപാടിയിൽ ''നിപാ രോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുൻ കരുതലുകളും'' വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജി റീന മറുപടി നൽകും. സംശയ നിവാരണത്തിനായി വിളിക്കേണ്ട നമ്പർ 1707066. തൃശൂരിന് പുറത്ത് നിന്നും വിളിക്കുന്നവർ 0487 എന്ന കോഡ് കൂടി ചേർക്കണം. വിളിക്കേണ്ട സമയം നാളെ രാവിലെ 11 മണി മുതൽ 12 മണി വരെ..