ചാലക്കുടി: ബസുടമകൾ മുട്ടുമടക്കി, നഗരത്തിലെ ട്രാഫിക് പരിഷ്‌കാരം പ്രാവർത്തികമായി. മാള മേഖലയിലേക്ക് പോകുന്ന ബസുകളെ നിർബന്ധിച്ച് ട്രങ്ക് റോഡ് ജംഗ്ഷനിലേക്ക് തിരിച്ചു വിടാൻ ശ്രമിച്ചാൽ വ്യാഴാഴ്ച മുതൽ പണിമുടക്കുമെന്ന നിലപാടിൽ നിന്നും ബസുടമകൾ പിൻവാങ്ങി.
ബസുകളെല്ലാം നഗരസഭ നേതൃത്വം നൽകുന്ന ട്രാഫിക് കമ്മിറ്റിയുടെ തീരുമാനത്തെ തത്വത്തിൽ അംഗീകരിച്ചു. ഇതുപ്രകാരം മാള ഭാഗത്തേക്കു പോകുന്ന ബസുകളെല്ലാം ഇനി മുതൽ പഴയ ദേശീയപാത കൂടിവന്ന് കെ.എം.വി സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റും. തുടർന്ന് കിഴക്കെ സർവീസ് റോഡ് കൂടി സൗത്ത് മേൽപ്പാലത്തിനടിയിലൂടെ മാളയിലേക്കു പോകും.
മാളയിൽ നിന്നും തിരിച്ചെത്തുന്നവ ആദ്യം ബസ് സ്റ്റാൻഡിൽ പോകില്ല. പകരം കിഴക്കെ സർവീസ് റോഡിലൂടെ ട്രങ്ക് റോഡ് ജംഗ്ഷനിലെത്തി ആളെയിറക്കും. തുടർന്നാകും, മെയിൻ റോഡിലൂടെ ബസ് സ്റ്റാൻഡിലേക്ക് പോകുക. പുതിയ തീരുമാനം നടപ്പാക്കുമ്പോൾ മെയിൻ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന ബസുടമകളുടെ ആവശ്യത്തിന്മേൽ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.
നിർദ്ദിഷ്ട സ്ഥലങ്ങളിൽ പാർക്കിംഗ് നിരോധന ബോർഡുകൾ സ്ഥാപിക്കൽ ആരംഭിച്ചു. മാളയിലേക്ക് പോകുന്ന ബസുകൾ ടൗണിൽ എത്തില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇതുവരെയും ബസുടമകൾ. ഇതിനായി പൊലീസ് ഇടപെടലുണ്ടായ കഴിഞ്ഞ ദിവസം ഇവർ പണിമുടക്കിയിരുന്നു. എന്നാൽ ട്രാഫിക് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സി.ഐ മുന്നറിയിപ്പ് നൽകിയതോടെ ബസുടമകളും ജീവനക്കാരും പിടിവാശി ഉപേക്ഷിക്കുകയായിരുന്നു.