ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം ശനിയാഴ്ച രാവിലെ 10.15ന്. വെള്ളിയാഴ്ച രാത്രിയോടെ കൊച്ചിയിലെ നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങും. ശനിയാഴ്ച രാവിലെ 8.55ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ 9.30 ഓടെ എത്തി, അവിടെ നിന്നും റോഡ് മാർഗം ഗുരുവായൂരിലെത്തും. 9.45 ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി 10.15ന് ക്ഷേത്ര ദർശനം നടത്തും. ക്ഷേത്രത്തിലെത്തുന്ന മോദിയെ പൂർണകുംഭം നൽകി സ്വീകരിക്കും. 30 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിക്കും. താമര കൊണ്ടുള്ള തുലാഭാരവും മറ്റ് വഴിപാടുകളും നടത്തിയ ശേഷമാണ് ക്ഷേത്രത്തിൽ നിന്നും മടങ്ങുക. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി അവിടെ നിന്നും 10.50ന് പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കാൻ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലേക്ക് തിരിക്കും.
11 ന് പൊതുയോഗം ആരംഭിക്കും. അരമണിക്കൂറോളം പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് 11.50 ഓടെ ഗുരുവായൂരിൽ നിന്നും റോഡ് മാർഗം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിന് സമീപം തയ്യാറാക്കിയ ഹെലിപാഡിലേക്ക് മടങ്ങി അവിടെ നിന്നും 12.10ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകും. പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ ഡി.ഐ.ജി, ഐ.ജി എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച ഗുരുവായൂരിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ടി.വി അനുപമ, സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംബന്ധിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് വായുസേനയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ പരീക്ഷണ പറക്കൽ നടത്തി. ഇന്ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ നിന്നും ഗുരുവായൂരിലേക്ക് പ്രധാനമന്ത്രി വരുന്നതിന്റെ ട്രയൽ റൺ നടക്കും.