തൃശൂർ: പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനായി ജില്ലയിൽ പൊലീസ് ദ്രുതഗതിയിൽ സജ്ജമായി. ഗുരുവായൂരും പരിസരവും ഇതിനകം പൊലീസ് നിയന്ത്രണത്തിലായി.

1,500 പൊലീസുകാർ, 100 വനിതാ പൊലീസുകാർ, ഷാഡോ പൊലീസ്, ഡോഗ് സ്‌ക്വാഡ് , ബോംബ് സ്‌ക്വാഡ് എന്നിവരാണ് ഡ്യൂട്ടിക്കായി വിന്യസിക്കുക. പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിലിറങ്ങി റോഡു മാർഗ്ഗമാണ് ക്ഷേത്രത്തിലെത്തുക. ക്ഷേത്രത്തിലെത്തി ദർശനം നടത്തിയും തുടർന്ന് ശ്രീകൃഷ്ണ കോളേജ് മൈതാനത്തെ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാൽ കർശന സുരക്ഷയാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്.

അത്യാധുനിക സംവിധാനങ്ങളാൽ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ നിരീക്ഷണവലയം ജില്ല മുഴുവനും ശക്തം. എൻ.എസ്.ജി, കമാൻഡോ, തണ്ടർബോൾട്ട്, സ്‌ട്രൈക്കർ ഫോഴ്‌സ് സംഘവും ഗുരുവായൂരിൽ തമ്പടിച്ചു കഴിഞ്ഞു. ഗതാഗത നിയന്ത്രണവും, സുരക്ഷയും പ്രത്യേകമായി ശ്രദ്ധിക്കും. പൊതുയോഗത്തിനായി പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. വാഹനവ്യൂഹം കടന്നുവരുന്ന വഴികളിലെല്ലാം കർശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ക്ഷേത്രത്തിലെയും, പരിസരത്തെയും സി.സി.ടി.വി കാമറ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.

ശനിയാഴ്ച രാവിലെ 9 മുതൽ 12 മണിവരെ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തും. രാവിലെ 8 മുതൽ 1 മണി വരെ നഗരസഭാപരിധിയിലും, പ്രധാന റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. അത്യാവശ്യ സാഹചര്യമില്ലാത്ത പക്ഷം ഗുരുവായൂരിലേക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് ഒഴിവാക്കണം. സുരക്ഷാ അവലോകനവും, പൊലീസ് വിന്യാസ വിലയിരുത്തലും വെള്ളിയാഴ്ച രാവിലെ 10 ന് ഗുരുവായൂർ ടൗൺഹാളിൽ നടക്കും. ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായ, സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര എന്നിവർ നേതൃത്വം നൽകും...