മാള: മുസ്‌രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി യഹൂദ സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് വ്യാപാരികൾക്കും പൈതൃക സംരക്ഷണ സമിതിക്കും ഒരേ അഭിപ്രായം. പക്ഷേ എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിലെ വിയോജിപ്പ് തർക്കത്തിന് വഴിമാറി. മാള യഹൂദ സിനഗോഗിലേക്കുള്ള വഴി സംബന്ധിച്ച സാമൂഹിക പ്രത്യാഘാത വിലയിരുത്തലിനായി സംഘടിപ്പിച്ച തെളിവെടുപ്പ് വേദിയിലായിരുന്നു ഇത്തരം ആശങ്കകളും പ്രതീക്ഷകളും ഉയർന്നുവന്നത്. റവന്യൂ വകുപ്പ് യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മുഖേനയാണ് തെളിവെടുപ്പ് നടന്നത്. ഇതിലെ അഭിപ്രായങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർ വഴി സർക്കാരിന് റിപ്പോർട്ട് ചെയ്യും. സിനഗോഗിലേക്ക് പ്രധാന റോഡിൽ നിന്ന് വഴി നിർമ്മിക്കുമ്പോൾ കുടിയൊഴിപ്പിക്കുന്ന എട്ട് വ്യാപാരികളുടെയും കുടുംബത്തിന്റെയും ആശങ്കകളാണ് പ്രധാനമായും കേട്ടത്.
വിനോദ സഞ്ചാരം ലക്ഷ്യമിട്ട്, മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാര വകുപ്പാണ് സിനഗോഗ് നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. അതിനായി മാള ടൗണിലെ സിനഗോഗിന്റെ മുൻവശത്തെ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് പുതുക്കി നൽകാതെ, വ്യാപാരികൾക്ക് അറിയിപ്പ് നൽകി. എന്നാൽ നിയമ നടപടിയിലൂടെ ലഭിച്ച താത്കാലിക അനുമതിയിൽ ഇപ്പോഴും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മുൻ ജില്ലാ കളക്ടർ ഉണ്ടാക്കിയ ധാരണ പഞ്ചായത്ത് നടപ്പാക്കിയില്ലെന്നും വ്യാപാരികളോട് വിശ്വാസ വഞ്ചന കാട്ടിയെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. വഴി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും എല്ലാ വാദങ്ങളും കേട്ട ശേഷമേ നടപ്പാക്കൂവെന്നും തെളിവെടുപ്പിനെത്തിയ സംഘം വ്യക്തമാക്കി. സിനഗോഗ് അടക്കമുള്ള യഹൂദ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും നടപ്പാക്കുന്ന വിവിധ പദ്ധതികളും സംബന്ധിച്ച് മുസ്‌രിസ് പൈതൃക പദ്ധതിയുടെ മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് വിശദീകരിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തെളിവെടുപ്പിൽ ഉണ്ടായ നിർദ്ദേശങ്ങളും പരാതികളും ആശങ്കകളും അടങ്ങുന്ന റിപ്പോർട്ടും ദൃശ്യങ്ങളും ജില്ലാ കളക്ടർക്ക് സംഘം കൈമാറും. ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറുന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാകും തുടർന്നുള്ള നടപടികൾ.
വാദങ്ങൾ ഇങ്ങനെ
വ്യാപാരികൾ
സിനഗോഗിന്റെ മുൻവശത്തെ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുമാറ്റി വഴിയുണ്ടാക്കണമെന്ന നിലപാട് ചില താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ
പഞ്ചായത്ത് റോഡിലൂടെ മറ്റൊരു വഴിയുണ്ട്, അതിലൂടെ സിനഗോഗിലേക്ക് പ്രവേശിക്കാം.
നഗര വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കി, അവശേഷിക്കുന്ന സ്ഥലത്ത് പുനർ നിർമ്മാണം നടത്തി മാസങ്ങൾ കഴിയുമ്പോൾ വീണ്ടും പൊളിക്കാൻ പറയുന്നത് അംഗീകരിക്കാൻ കഴിയില്ല
പൈതൃക സംരക്ഷണ സമിതി
സിനഗോഗിന്റെ മുന്നിലൂടെ പ്രധാന റോഡിൽ നിന്ന് കവാടം ഉണ്ടായിരുന്നു, അതിന്റെ അവശിഷ്ടങ്ങൾ ഉണ്ട്
ഏറ്റെടുക്കുന്ന സ്ഥലത്തിന് മികച്ച വില നൽകണം
പുനരധിവാസം അടക്കമുള്ളവ പരിഗണിക്കണം